ഹൈദരാബാദ്: പുഷ്‍പ-2 പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻറെ ജാമ്യഹർജി കോടതി പരിഗണിക്കുന്നത് മാറ്റി. ജനുവരി 3-ലേക്കാണ് ഹർജി മാറ്റിയിരിക്കുന്നത്.
നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അർജുൻറെ ഹർജി പരിഗണിക്കുന്നത്. സ്ഥിരം ജാമ്യം തേടിയാണ് അല്ലു അർജുൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. നിലവിൽ ഒരു മാസത്തെ ഇടക്കാല ജാമ്യത്തിലാണ് നടൻ പുറത്തിറങ്ങിയത്.
സംഭവത്തിൽ അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെൻറിലെ ആളുകളെയും തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അർജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ പിറ്റേന്ന് രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയിൽ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തിൽ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നൽകിയത്.
ഡിസംബർ 4 നാണ് പുഷ്പ-2 എന്ന സിനിമയുടെ പ്രീമിയർ പ്രദർശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദർശനം നടന്ന തിയറ്ററിലേക്ക് അല്ലു അർജുൻ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു.