കാബൂള്‍: വീണ്ടും വിചിത്ര നിയമവുമായി താലിബാന്‍. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സമീപത്ത് താമസിക്കുന്ന സ്ത്രീകളെ കാണുന്ന തരത്തില്‍ ജനാലകള്‍ ഉണ്ടാവരുത്.
സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകും. സ്ത്രീകള്‍ ഉപയോഗിക്കുന്ന പാര്‍പ്പിട കെട്ടിടങ്ങളില്‍ ഇനി ജനാലകള്‍ വേണ്ട, എന്നെല്ലാമാണ് താലിബാന്റെ പുതിയ ഉത്തരവ്.
മുനിസിപ്പല്‍ അധികാരികളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും അയല്‍വാസികളുടെ വീടുകള്‍ കാണുന്നത് സാധ്യമല്ലെന്ന് ഉറപ്പാക്കാന്‍ നിര്‍മ്മാണ സൈറ്റുകള്‍ നിരീക്ഷിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ വീടുകള്‍ക്ക് ഇത്തരം ജനലുകള്‍ ഉണ്ടെങ്കില്‍ കാഴ്ച മറയും വിധം മതില്‍ പണിയണമെന്നും ഉത്തരവില്‍ പറയുന്നു.
അഫ്ഗാന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന പാര്‍പ്പിട കെട്ടിടങ്ങളില്‍ ജനാലകള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് താലിബാന്റെ പരമോന്നത നേതാവ് സബിഹുല്ല മുജാഹിദ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത ഉത്തരവില്‍ പറയുന്നു.
ജനലുകള്‍ നിലവിലുണ്ടെങ്കില്‍ അയല്‍ക്കാര്‍ക്ക് ഉണ്ടാകുന്ന ശല്യങ്ങള്‍ ഒഴിവാക്കാന്‍ ഒരു മതില്‍ പണിയുന്നതിനോ അല്ലെങ്കില്‍ കാഴ്ച തടസ്സപ്പെടുത്തുന്നതിനോ ഉടമകളെ പ്രോത്സാഹിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.