തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ വ്യത്യസ്തമായ രീതിയില്‍ അനുസ്മരിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.
‘തോന്നിയവാസി’യെന്ന പേരിലുള്ള രചനയിലൂടെയായിരുന്നു ചുള്ളിക്കാടിന്റെ അനുസ്മരണം.
അസൂയകൊണ്ടോ, അപവാദം കൊണ്ടോ, പരദൂഷണം കൊണ്ടോ, തെറിവിളികൊണ്ടോ ഒന്നും എം.ടി.വാസുദേവന്‍നായരെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു
കുറിപ്പ് വായിക്കാം.
തോന്നിയവാസി
എം.ടി.വാസുദേവന്‍ നായര്‍ അദ്ദേഹത്തിനു തോന്നിയ പോലെ ജീവിച്ചു. അദ്ദേഹത്തിനു തോന്നുന്നതൊക്കെ തോന്നിയ പോലെ എഴുതി. തോന്നിയ പോലെ സിനിമകളുണ്ടാക്കി. തോന്നിയതൊക്ക ചെയ്തു, പറഞ്ഞു.
അദ്ദേഹത്തിന്റെ രചനകള്‍ ഇഷ്ടപ്പെട്ട വായനക്കാര്‍ സ്വന്തം സന്തോഷത്തിനുവേണ്ടി അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വാങ്ങി വായിച്ചു. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു. അങ്ങനെ അദ്ദേഹം സമ്പന്നനുമായി.
ഇന്ത്യ എന്ന മഹാരാജ്യം ഒരു കലാകാരനു നല്‍കാവുന്ന പരമോന്നത ബഹുമതികളെല്ലാം നല്‍കി അദ്ദേഹത്തെ ആജീവനാന്തം ആദരിച്ചു.
അദ്ദേഹം തൊണ്ണൂറ്റിയൊന്നു വയസ്സുവരെ തന്നിഷ്ടംപോലെ ജീവിച്ചു. സ്വാഭാവികമായി മരിച്ചു.
അസൂയകൊണ്ടോ, അപവാദം കൊണ്ടോ, പരദൂഷണംകൊണ്ടോ, തെറിവിളികൊണ്ടോ ഒന്നും എം.ടി.വാസുദേവന്‍നായരെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല.
ജീവിച്ചിരിക്കുമ്പോള്‍ നിങ്ങളെയൊന്നും ആ മനുഷ്യന്‍ വകവെച്ചില്ല. പിന്നെയല്ലേ മരണശേഷം!ഹ.ഹ.