തിരുവനന്തപുരം: രണ്ടാമൂഴത്തിന് ദൃശ്യഭാഷ്യമെന്ന സ്വപ്നം ബാക്കിവെച്ചായിരുന്നു എം. ടി വാസുദേവന്‍ നായര്‍ വിടവാങ്ങിയത്. എന്നാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്.
കാന്താര എന്ന ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച കന്നഡയിലെ പ്രശസ്ത നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് രണ്ടാമൂഴത്തിന്റെ ദൃശ്യഭാഷ ഒരുക്കുന്നത്.
പാന്‍ ഇന്ത്യന്‍ സിനിമയായി വിവിധ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സിനിമ ഒരുക്കുന്നത്. 

വൈകാതെ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഋഷഭ് ഷെട്ടിയും എം.ടിയും തമ്മില്‍ ചര്‍ച്ച നടത്തി എല്ലാം ധാരണയില്‍ എത്തിയിരുന്നു

ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ചില സിനിമ തിരക്ക് കാരണം ഋഷഭിന് കേരളത്തില്‍ എത്താന്‍ കഴിഞ്ഞില്ല. അതിനിടെ അസുഖം മൂലം എം.ടി ആശുപത്രിയിലാവുകയും ചെയ്തു. 
രണ്ടാം മൂഴത്തിന്റെ ദൃശ്യഭാഷ എന്ന സ്വപ്നം ബാക്കിവെച്ച് എം. ടി. വിടവാങ്ങുകയും ചെയ്തു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ രണ്ടാമൂഴം സിനിമാരൂപത്തില്‍ എത്തുമെന്ന് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് എം.ടി തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിനിമയുടെ വലിയ ക്യാന്‍വാസ് ഏറ്റെടുക്കാന്‍ മണിരത്‌നം അടക്കമുള്ള പല സംവിധായകരും തയ്യാറായില്ല. 

പിന്നീട് ഒരു നിമിത്തം പോലെ ഋഷഭ് ഷെട്ടിയിലേയ്ക്ക് രണ്ടാം മൂഴത്തിന്റെ സ്‌ക്രിപ്റ്റ് എത്തുകയും വലിയ സന്തോഷത്തോടെ അദ്ദേഹം അത് ഏറ്റെടുക്കാന്‍ സമ്മതിക്കുകയുമായിരുന്നു. ഋഷഭ് ഷെട്ടിയുടെ നിര്‍മ്മാണ കമ്പനിയും എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന കമ്പനിയും ചേര്‍ന്നാണ് രണ്ടാമൂഴം നിര്‍മ്മിക്കുക. 

മുമ്പ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി സിനിമയുടെ കരാര്‍ ഒപ്പിട്ടിരുന്നെങ്കില്‍ നിര്‍മ്മാണം തുടങ്ങുന്നത് നീണ്ടു പോയതിനെ തുടര്‍ന്ന് എം ടി നിയമനടപടികളിലൂടെ കരാറില്‍ നിന്നും പിന്‍വാങ്ങിയതും മറ്റും വലിയ വാര്‍ത്തയായിരുന്നു

രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും വര്‍ഷങ്ങള്‍ക്കുമുമ്പേ എം ടി പൂര്‍ത്തിയാക്കിയിരുന്നു അഞ്ചുമണിക്കൂറോളം ദൈര്‍ഘ്യമുണ്ട് തിരക്കഥയ്ക്ക് അതുകൊണ്ടുതന്നെ രണ്ടു ഭാഗമായിട്ടാവും സിനിമ ഒരുക്കുക.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *