കാസർഗോഡ്: പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു.
കാസര്‍ഗോഡ് കാനത്തൂര്‍ എരഞ്ഞിപ്പുഴയിലുണ്ടായ അപകടത്തിൽ എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫിന്റെ മകൻ യാസിൻ (13) സഹോദരന്റെ മകൻ സമദ് (13) സഹോദരിയുടെ മകൻ റിയാസ് (18) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്.
പുഴയിൽ കുളിക്കുന്നതിനിടെ റിയാസ് മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ മറ്റു രണ്ടുപേരും രക്ഷിക്കാൻ ശ്രമിച്ചു. തുടർന്ന് മൂന്നുപേരും കയത്തില്‍ അകപ്പെടുകയായിരുന്നു.
ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ അലറിക്കരഞ്ഞതോടെ നാട്ടുകാർ സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നു നടത്തിയ തെരച്ചിലിലാണ് മൂന്നു പേരെയും കണ്ടെത്തിയത്.
റിയാസിനെ പുറത്തെടുത്ത് ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു പേരുടെയും മൃതദേഹം കാസര്‍ഗോഡ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തി. ബേഡകം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.