കീവ്: യുക്രൈന്‍ സൈന്യത്തിന്റെ പിടിയിലായ ഉത്തരകൊറിയന്‍ സൈനികരുടെ മരണത്തിനിടയാക്കിയത് ശരീരത്തിലെ മാരക മുറിവുകളെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി.
പിടിയിലായവരെ യുദ്ധ തടവുകാരാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും യുദ്ധത്തിലേറ്റ ഗുരുതര മുറിവുകളെ അതിജീവിക്കാന്‍ ഉത്തരകൊറിയന്‍ സൈനികര്‍ക്കായില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു.
എന്നാല്‍ എത്ര സൈനികരാണ് പിടിയിലായതെന്നും എത്രപേര്‍ കൊല്ലപ്പെട്ടുവെന്നുമെന്നുമുള്ള കണക്കുകള്‍ സെലന്‍സ്‌കി വെളിപ്പെടുത്തിയില്ല. ഒരു ഉത്തരകൊറിയന്‍ സൈനികന്‍ യുക്രൈനിന്റെ പിടിയിലാകുകയും എന്നാല്‍ ശരീരത്തിലെ പരിക്കുകാരണം മരണപ്പെട്ടുവെന്നുമുളള വിവരം ദക്ഷിണകൊറിയന്‍ ചാരസംഘടന നേരത്തേ പുറത്തുവിട്ടിരുന്നു.
യുക്രൈനെതിരേ യുദ്ധം ചെയ്യാന്‍ റഷ്യ ഉത്തരകൊറിയന്‍ സൈന്യത്തെ ഉപയോഗിക്കുന്നെന്ന ആരോപണം യുക്രൈന്‍ മുമ്പ് ഉന്നയിച്ചിരുന്നു.
ഉത്തരകൊറിയന്‍ സൈന്യത്തെ യാതൊരു സംരക്ഷണവും നല്‍കാതെയാണ് റഷ്യ യുദ്ധമുഖത്തെത്തിക്കുന്നതെന്ന് സെലന്‍സ്‌കി കുറ്റപ്പെടുത്തി. എന്നാല്‍ ഉത്തരകൊറിയന്‍ സൈന്യം റഷ്യയ്‌ക്കൊപ്പം യുദ്ധത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും റഷ്യയും ഉത്തരകൊറിയയും ഇതുവരെയായും നടത്തിയിട്ടില്ല.