നൃത്തച്ചുവടുകളുമായി ദിവ്യ ഉണ്ണി ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക്
മലയാളികളുടെ പ്രിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയില്‍ എത്തിയ താരം, ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ, സോഷ്യല്‍ മീഡിയയിലും നൃത്തലോകത്തും വളരെ സജീവമാണ്. നിലവിൽ ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് താരം.
മൃദംഗനാദം എന്ന പേരിലാണ് ഒരുകൂട്ടം കലാകാരമ്മാർ ഒന്നിക്കുന്ന ഭരതനാട്യം നടക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടിയാണിത്.
ഒരേസമയം 12000 പേരാണ് ഭരതനാട്യം ചെയ്യുന്നത്. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നർത്തകർ ചുവടുവയ്ക്കുക.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും മൃദംഗനാദം ഭരതനാട്യത്തിൽ പങ്കുകൊള്ളും. ഏഴ് വയസിന് മുകളിലുള്ളവരാകും ഇവരെല്ലാം.
മൃദംഗനാദത്തിൽ പങ്കാളികളായ ഗുരുക്കന്മാരുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച് വരുന്നവർക്ക് മാത്രമെ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
മൃദംഗനാദത്തിനായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ഗാനം എഴുതിയിരിക്കുന്നത്. ദീപാങ്കുരന് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അനൂപ് ശങ്കര്‍ ആണ്.
ഡിസംബർ 29നാണ് പരിപാടി നടക്കുക. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് നർത്തകർ ചുവടുവയ്ക്കുന്നത്.
29ന് വൈകിട്ട് 3 മുതല്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് കാണികൾക്ക് പ്രവേശനം അനുവദിക്കും. ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് മാത്രം പ്രവേശനം.