ന്യൂ ഡൽഹി: വ്രതശുദ്ധിയുടെ പുണ്യവുമായി മൂന്നു വർഷം നീണ്ടുനിന്ന കാത്തിരിപ്പൊനൊടുവിൽ വന്നണഞ്ഞ സൗഭാഗ്യവുമായി മയൂർ വിഹാറിൽ ചക്കുളത്തമ്മക്ക് പൊങ്കാല സമർപ്പിച്ചു. മഞ്ഞുകണങ്ങൾ ഈറനണിയിച്ച മയൂർ വിഹാറിലെ പൊങ്കാല പാർക്കിൽ തയ്യാറാക്കിയ താൽക്കാലിക ക്ഷേത്രത്തിൽ ഭക്ത സഹസ്രങ്ങൾ കാണിക്കയർപ്പിച്ച് തൊഴുതു മടങ്ങി.
ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ആദ്യ ദിവസം സ്ഥല ശുദ്ധി, ഗണപതി ഹോമം, ദീപാരാധന, രാധാകൃഷ്ണൻ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.
രണ്ടാം ദിവസം രാവിലെ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. തുടർന്ന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സ്ഥലം എംഎൽഎ കുൽദീപ് കുമാർ, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചക്കുളത്തുകാവിൽ നിന്നും രാധാകൃഷ്ണൻ നമ്പൂതിരി, മണിക്കുട്ടൻ നമ്പൂതിരി, സത്യൻ തിരുവല്ല, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പിഎൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
2022-23 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12-ാം ക്ലാസിലെ വിദ്യാർത്ഥികളായ ലീഷ്മാ കൃഷ്ണ മനോജ് (കൊമേഴ്സ്), തേജസ് സുരേഷ് (സയൻസ്) എന്നിവർക്ക് ചടങ്ങിൽ ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും നൽകി ആദരിച്ചു.
ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർത്ഥനക്കു ശേഷം ശ്രീകോവിലിൽനിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകർന്നപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവയാൽ ചക്കുളത്തമ്മയെ സ്തുതിച്ചു. തുടർന്ന് ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലക്ക് ആരംഭമായി. പല്ലശന ഉണ്ണി മാരാരും സംഘവും ഒരുക്കിയ വാദ്യമേളങ്ങൾ ഉത്സവാന്തരീക്ഷത്തിനു മേളക്കൊഴുപ്പേകി. ഡൽഹി നാദതരംഗിണി ഓർക്കസ്ട്രായിലെ ബിജു ചെങ്ങന്നൂർ, എം കിഷോർകുമാർ, സൗപർണികാ സന്തോഷ്, കെപി രാജു എന്നിവർ ആലപിച്ച ഭക്തിഗാനങ്ങൾ ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കി.
തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിലെ പായസത്തിൽ തിരുമേനിമാർ തീർത്ഥം തളിച്ചതോടെ, ഭക്തജനങ്ങൾ നിവേദ്യം ചക്കുളത്തമ്മക്കു സമർപ്പിച്ച് തിരുനടയിൽ ദർശനം നടത്തി അന്നദാനത്തിലും പങ്കെടുത്ത് പ്രസാദവും വാങ്ങി മടക്ക യാത്ര തുടങ്ങി.
വിദ്യാ കലശം, മഹാകലശം, പ്രസന്ന പൂജ എന്നിവയും ഉണ്ടായിരുന്നു. ഭക്തജനങ്ങൾക്ക് ഇത്തവണ തിരുനടയിൽ നിറപറ സമർപ്പണത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തുടർന്ന് ചക്കുളത്തമ്മയുടെ ഇഷ്ട വഴിപാടായ അന്നദാനത്തോടെയാണ് ചടങ്ങുകൾക്ക് സമാപനമായത്.
ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി വൈസ് പ്രസിഡന്റ് ആർ രാജേഷ് കുമാർ, പൊങ്കാല കൺവീനർ ഡി ജയകുമാർ, ട്രെഷറർ ടിജി മോഹൻ കുമാർ, ഇന്റെർണൽ ഓഡിറ്റർ എസ് മുരളി, നിർവാഹക സമിതി അംഗങ്ങളായ എംഎസ് ഗോപിനാഥൻ, വാസുദേവൻ നായർ,ശ്യാം ജി നായർ, ബി ദേവരാജൻ, എസ് സുബാഷ്, കെ ഗോപാലൻ കുട്ടി, എംജി പ്രസാദ്, ലേഖാ സോമൻ, സുനിതാ റാവു, ആനന്ദം കെ നായർ, അമ്പിളി പ്രസാദ് തുടങ്ങിയവർ ഉത്സവാഘോഷങ്ങൾക്ക് മേൽനോട്ടം വഹിച്ചു.