ചങ്ങനാശേരി: ജനുവരി 2ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുന്‍പ് മുഖ്യപ്രഭാഷകനായാണ് രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.
11 വര്‍ഷത്തെ പിണക്കം മറന്ന് എന്‍.എസ്.എസും ചെന്നിത്തലയും ഒന്നിച്ചപ്പോള്‍ അതു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയുടെ ഒരു റീ എന്‍ട്രി കൂടിയായി വിലയിരുത്തപ്പെട്ടു.
മന്നം ജയന്തി സമ്മേളനത്തിന് ഉദ്ഘാടകനായി ക്ഷണിച്ചിരുന്നത് അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്‍ വെങ്കിട്ടരമണിയെയായിരുന്നു
എന്നാല്‍, അദ്ദേഹം ഔദ്യോഗിക തിരക്കുകള്‍ കാരണം ചടങ്ങില്‍ എത്തിച്ചേരാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെയാണ് പരിപാടിയില്‍ മാറ്റം വരുത്തി മുഖ്യപ്രഭാഷകന്‍ ആയിരുന്ന രമേശ് ചെന്നിത്തലയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അനുസ്മരണ പ്രഭാഷണം നടത്തുമെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമരന്‍ നായര്‍ അറിയിച്ചു.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാന വിവാദമുണ്ടാക്കി എന്‍.എസ്.എസ് നിലപാട് സ്വീകരിച്ചിരുന്നു. ഈ പരാമര്‍ശത്തെ ചെന്നിത്തല തള്ളിപ്പറഞ്ഞതോടെ ഇരു കൂട്ടരും അകല്‍ച്ചയിലായിരുന്നു
പിന്നീട് എന്‍.എസ്.എസിന്റെ ഒരു വേദിയില്‍ പോലും ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. 11 വര്‍ഷത്തെ പിണക്കം ചെന്നിത്തല മുന്‍കൈയ്യെടുത്താണ് അവസാനിപ്പിച്ചത്. പിന്നാലെ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ എന്‍.എസ്.എസ്. ക്ഷണിക്കുകയും ചെയ്തു.
ക്ഷണിച്ചത് എന്‍.എസ്.എസിന്റെ സമ്മേളനത്തിലേക്കാണെങ്കലും അതിന്റെ അലയൊലികള്‍ സൃഷ്ടിച്ചത് കോണ്‍ഗ്രസിലായിരുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍ ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍.എസ്.എസ് പിന്തുണയ്ക്കുമെന്നുള്ള ചര്‍ച്ചകള്‍ ഇതിനിടെ സജീവമായി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എന്‍.എന്‍.എസും തമ്മിലുള്ള അകല്‍ച്ച ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
പിന്നാലെ മുഖ്യമന്ത്രിയാകാന്‍ വി.ഡി. സതീശനേക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നു എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടി പരസ്യമായി പറഞ്ഞതോടെ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി
പാര്‍ട്ടി തന്നെ രണ്ടു ചേരിയിലേക്ക് എന്ന സാഹചര്യം വരെ ഇക്കാലത്തുണ്ടായി. ഇതിനിടെയാണ് മുഖ്യപ്രഭാഷകനില്‍ നിന്നു ഉദ്ഘാടകന്‍ എന്ന കര്‍ത്തവ്യം കൂടി ചെന്നിത്തലയെ തേടി എത്തിയത്.