തിരുവനന്തപുരം: ലോകമെങ്ങും ആദരിക്കുന്ന സാമ്പത്തിക വിദഗ്ദ്ധനായിട്ടും എക്കാലവും പാവപ്പെട്ട ജനങ്ങൾക്കൊപ്പമായിരുന്നു മൻമോഹൻ സിംഗിന്റെ മനസ്.
2021 മാർച്ചിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 ഉച്ചകോടി ഉദ്ഘാടനം ചെയ്യാൻ തിരുവനന്തപുരത്ത് എത്തിയ മൻമോഹൻ അന്ന് പറഞ്ഞതത്രയും പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെക്കുറിച്ചായിരുന്നു.

കോവിഡിനു ശേഷം രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് അന്ന് മൻമോഹൻ നൽകിയ നിർദ്ദേശങ്ങൾ പിന്നീട് കേന്ദ്രസർക്കാരിന്റെ പദ്ധതികളായി വന്നു

മൻമോഹൻ സിംഗിന്റെ നയങ്ങൾ രാജ്യത്തെ 27കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. അദ്ദേഹത്തിന് കാലത്ത് തുടങ്ങിയ തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ തൊഴിലാളികൾക്ക് താങ്ങായി മാറി.
കോവിഡും അതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും അതിജീവിക്കാൻ താത്കാലിക നടപടികൾ പോരെന്നും ദരിദ്രർക്ക് പിന്തുണ നൽകുന്നതുപോലെയുള്ള പദ്ധതികൾ നടപ്പാക്കണമെന്നുമാണ് അന്ന് മൻമോഹൻ സിംഗ് പറഞ്ഞത്.
ഇത് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും. ഇതിലൂടെ ഡിമാന്റ് ഉത്തേജിപ്പിക്കപ്പെടും. പ്രത്യേകിച്ചും ചെറുകിട, നാമമാത്ര മേഖല, കാർഷിക മേഖല, അസംഘടിത മേഖല എന്നിവയെയെല്ലാം കൂടുതൽ ഉൽപാദനത്തിലേക്ക് നയിക്കപ്പെടുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
മുദ്ര വായ്പയടക്കം നിരവധി സംരംഭങ്ങൾ ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്രം വിപുലമായി നടപ്പാക്കിയത്.

നീണ്ട സാമ്പത്തിക മാന്ദ്യത്തിനുശേഷം സമ്പദ്വ്യവസ്ഥയെ സാധാരണ നിലയിലേക്ക് അതിവേഗം തിരികെ കൊണ്ടുവരാനും ഇത് സഹായിച്ചു. ദരിദ്രർക്ക് നേരിട്ട് ആനുകൂല്യ കൈമാറ്റം ചെയ്യുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു

ദരിദ്രർക്കും കർഷകർക്കും കേന്ദ്രം നേരിട്ട് സഹായം ബാങ്ക് അക്കൗണ്ടുകളിലെത്തിക്കുന്ന പദ്ധതി പിന്നീടാണ് തുടങ്ങിയത്.
കൂടുതൽ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ സ്ഥാപിച്ച് ബിൽ രഹിത ആരോഗ്യ പരിപാലനം നടത്തണമെന്ന മൻമോഹന്റെ നിർദ്ദേശവും കേന്ദ്രം സ്വീകരിച്ചു. 
ദേശീയ, ഗ്രാമീണ ആരോഗ്യ മിഷനുകളിലൂടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ആശുപത്രികളും ക്ലിനിക്കുകളും തുറന്നു.  

സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റ് നടപടികളും പങ്കാളിത്ത വികസനത്തെ ശക്തിപ്പെടുത്തുമെന്ന മൻമോഹന്റെ നിർദ്ദേശമാണ് പിന്നീട് രാജ്യമാകെ ഗതിശക്തി അടക്കം വിവിധ മിഷനുകളിലൂടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത്

തുടർച്ചയായ 10 വർഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലിരുന്ന മൻമോഹൻ സിംഗിന്റെ വികസന കാഴ്ചപ്പാട് രാജ്യത്തിന് ഏറെ ഉപകാരപ്രദമായിരുന്നു. 1932 സെപ്തംബർ 26ന് പഞ്ചാബ് പ്രവിശ്യയിലെ ഗായിൽ (ഇപ്പോൾപാകിസ്ഥാനിൽ) ആണ് ജനനം.

മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ നിർബന്ധത്തിന് വഴങ്ങി രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1991ൽ നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി.
1991ൽ അസമിൽനിന്ന് ആദ്യമായി രാജ്യസഭയിലെത്തി. 1995, 2001, 2007,2013 ൽ അസമിൽനിന്ന് തന്നെ രാജ്യസഭാംഗമായി.
1998 മുതൽ 2004 വരെയുള്ള കാലയളവിൽ പ്രതിപക്ഷ നേതാവായി. 1999 ൽ ദക്ഷിണ ഡൽഹിയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2004 മേയ് 22 ന് പ്രധാനമന്ത്രിയായി. 2009 ൽ രണ്ടാം യുപിഎ സർക്കാരിൽ വീണ്ടും പ്രധാനമന്ത്രിയായി.

പാർലമെന്റിലെ 33 വർഷത്തെ യാത്ര പൂർത്തിയാക്കിയ മൻമോഹൻസിംഗ് കഴിഞ്ഞ ഏപ്രിലിലാണ് വിശ്രമ ജീവിതത്തിലേക്ക് പോയത്. ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന മൻമോഹൻ സിംഗ് വീൽ ചെയറിലാണ് പലപ്പോഴും സഭയിലെത്തിയിരുന്നത്

അദ്ദേഹത്തിന്റെ ഒഴിവിൽ രാജസ്ഥാനിൽ നിന്ന് കോൺഗ്രസ് ഇക്കുറി സോണിയാ ഗാന്ധിയെ സഭയിലെത്തിച്ചു. ഇതോടെയാണ് മൻമോഹൻസിംഗിന്റെ സജീവ രാഷ്‌ട്രീയത്തിന് തിരശ്ശീല വീണത്. 
രാജ്യം കണ്ടിട്ടുള്ള ഏറ്റവും സമർത്ഥനായ ധനമന്ത്രിമാരിൽ ഒരാൾ എന്ന വിശേഷണം സ്വന്തം പേരിനൊപ്പം ചേർത്തു വച്ച ആളായിരുന്നു അദ്ദേഹം.
റിസർവ് ബാങ്ക് ഗവർണർ പദവിയിൽ നിന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ധനകാര്യമന്ത്രിയായി നിയമിച്ച ഡോ. മൻമോഹൻ സിംഗിന് ആധികാരികമായിത്തന്നെ രാജ്യം നേരിടുന്ന വിഷമ സ്ഥിതിയെക്കുറിച്ചു പറയാനാവുമായിരുന്നു.
അതാണ് മിക്കപ്പോഴും രാജ്യത്തിന് തുണയായത്. ഇന്ത്യയുടെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രി എന്ന നിലയിൽ കന്നി ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ  ഡോ. മൻമോഹൻ സിംഗുമായി കൂടിക്കാഴ്ച നടത്തിയത് ഇതിന് ഉദാഹരണമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *