“താൻ എഴുതുന്നതുകൊണ്ടു സമൂഹത്തിനു എന്തെങ്കിലും പ്രയോജനം ഉണ്ടാവണമെന്നില്ല. പക്ഷെ, എവിടെയോ ആരോ ആ എഴുത്തുകാരന്റെ ശബ്ദം കേൾക്കാൻ കാതോർത്തിരുന്നു”. 
“അതൊരാളാവാം ഒരു സമൂഹമാവാം. ഈ വിശ്വാസം അവനെ കൂടുതൽ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നു. അനുഭവങ്ങൾ അവനെ തേടിയെത്തുന്നു.”
എം.ടി.യുടെ കുവൈറ്റ് യാത്രയിൽ പ്രവാസികൾക്ക് നൽകിയ ഉപദേശം.
കുവൈറ്റിൽ എം.ടി.യുടെ ഒരു സാഹിത്യ-ചലചിത്ര മേള നടത്തണമെന്ന ആശയം ഉടലെടുത്തത് ഞാനും കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ ബി.എം.സി. നായരു മൊത്തൊള്ള ഒരു ആകാശ യാത്രയിലായിരുന്നു. ഞങ്ങൾ കുവൈറ്റ് എയർവൈസിന്റെ തിരുവനന്തപുരത്തേക്കുള്ള കന്നിയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു. 
ഞാൻ പറഞ്ഞു: “ അടുത്ത ആഴ്ച ഞാൻ നാട്ടിൽ പോകുമ്പോൾ എം.ടി.യെ നേരിൽകണ്ട് അദ്ദേഹത്തിന് സൗകര്യപ്രദമായ തീയ്യതി തീരുമാനിക്കാം”  ഞാൻ കൂട്ടിച്ചേർത്തു. 
“അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും യാത്രയുടെ ടിക്കറ്റുകൾ കുവൈറ്റ് എയർവേഴ്സിനെ കൊണ്ട് സ്പോൺസർ ചെയ്യിക്കാം, ബാക്കി പരിപാടികൾ എംബസിയും മലയാളി സംഘടനകളും ഒരുമിച്ചു തീരുമാനിച്ചാൽ മതി.”  ബി.എം.സി. അത് സമ്മതിച്ചു. അങ്ങനെ ജ്ഞാനപീഠം അവാർഡ് ജേതാവിനെ കുവൈറ്റിൽ എത്തിക്കുക എന്റെ ദൗത്യമായി മാറി. 

 
“അറിവ് അവസാനിക്കാത്ത അത്ഭുതമാണ്, ശക്തിയും സ്വാതന്ത്ര്യവുമാണ്, അതിന്റെ അതിരുകൾ ചക്രവാളം പോലെ എന്നും അകലെ അകലെയാണ്”. 
“അപ്രാപ്യമെന്ന് അറിയുമെങ്കിലും അതിന്റെ നേർക്ക് സഞ്ചരിക്കുമ്പോൾ സാഹസികത നിറഞ്ഞ ഒരു തീർത്ഥാടനത്തിന്റെ സാഫല്യം അനുഭപ്പെടുന്നു.”  
എം.ടി.യുടെ മരുഭൂമി യാത്രയുടെ ഒരുക്കങ്ങൾ മനസ്സിൽ കുത്തിക്കുറിച്ചു.
 ഹസ്സൻ തിക്കോടി എം.ടി.യോടൊപ്പം 
മാതൃഭൂമി ആപ്പീസിലെ പുസ്തക കൂമ്പാരത്തിനിടയിലിരിക്കുന്ന കൂടല്ലൂർക്കാരനെ മണലാരണ്യത്തിലേക്കു ക്ഷണിച്ചപ്പോൾ ഫോക്നറുടെ പട്ടാഫയെന്ന സ്ഥലമാണ് എന്റെ ഓർമ്മയിൽ വന്നത്. 
അമേരിക്കയിൽ അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നോ എന്നെനിക്കറിയില്ല, അത് ഒരു പക്ഷെ യോക്നാ പട്ടാഫയെന്ന സാങ്കൽപ്പിക ഭൂമിയാവാം, എന്നിട്ടും അമേരിക്കക്കാർ ഫോക്നറുടെ സാങ്കൽപ്പിക ദേശമാണതെന്നു അക്കാലത്ത് വിശ്വസിച്ചിരുന്നില്ല.
അതുപോലെ കേരളത്തിലെ കൂടല്ലൂരിനെ ഞാനപീഠത്തോളം ഉയർത്തിയ എം.ടി. തന്റെ സാഹിത്യ പുരസ്‌കാരങ്ങൾക്ക് മറ്റെന്തിനേക്കാളും കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്. 

“അറിയാത്ത അത്ഭുതങ്ങളെ ഗർഭം ധരിക്കുന്ന സമുദ്രത്തേക്കാൾ അറിയുന്ന നിളാനദിയെയാണ് തനിക്കിഷ്ടമെന്നു” എം.ടി. പറഞ്ഞത് കൂടലൂരിന്റെ ഹൃദയത്തിൽ നിന്നും വിട്ടുമാറിയ കഥാപാത്രങ്ങളെ സൃഷ്ടിക്കാനറിയാഞ്ഞിട്ടല്ല, തന്റെ സാഹിത്യ ജീവിതത്തിൽ ചേർത്തുപിടിക്കാൻ ആ ഗ്രാമവും അവിടത്തെ മനുഷ്യരും ഒരു പട്ടാഫയായി മാറിയതുകൊണ്ടാണ്.
എം.ടി. കുവൈറ്റിൽ :
എം.ടി.യുടെ ഒരാഴ്ചക്കാലത്തെ കുവൈറ്റ് വാസം മലയാളികളുടെ മാത്രം ഉത്സവക്കാലമായിരുന്നില്ല, ഇന്ത്യക്കാരുടെതുകൂടിയായിരുന്നു. 
കാരണം എം.ടി.യുടെ ജീവിതത്തിൽ ആദ്യമായാണ് എല്ലാഭാഷക്കാരും ഒരുമിച്ചു ഒരുവേദിയിൽ സംഗമിക്കുന്നത്. 
കുവൈറ്റ് “റൈറ്റേർഴ്‌ ഫോറം” നൽകിയ സ്വീകരണച്ചടങ്ങിൽ എം.ടി. എന്ന അധ്യാപകനെയാണ് അവർ കണ്ടത്. 

വിവിധ ഭാഷാ കവികളായ നൂർപാർക്കാർ, ഹർഷവർധൻ, ജസ്ബീർ സിംഗ്, അരവിന്ദ് റെയ്‌ന തുടങ്ങിയവരും അവിടത്തെ വിവിധ അറബിക് ഇഗ്ളീഷ് പത്രങ്ങളുടെ പത്രാധിപന്മാരും എം.ടി.യുടെ ക്‌ളാസിൽ പങ്കെടുത്തു. അവരോട് അദ്ദേഹം പറഞ്ഞു: 
“ഇന്ത്യയിലെ പല ദേശങ്ങളിലും ഞാൻ സാഹിത്യ ക്‌ളാസിൽ പങ്കെടുത്തിട്ടുണ്ട്, പക്ഷെ അന്നൊക്കെ ഒരേ ഭാഷ സംസാരിക്കുന്നവരായിരുന്നു അതിലെ പങ്കാളികൾ. 
ഇവിടെ എല്ലാഭാഷക്കാരും അറബികളും പങ്കെടുക്കുന്ന ക്‌ളാസ് ഇതാദ്യമായാണ്. ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് ആ സംവാദവും ക്‌ളാസുമെന്നു അദ്ദേഹം ഓർമ്മപ്പെടുത്തി.
സാഹിത്യ ശില്പശാല: 
കുവൈറ്റിൽ ആദ്യമായി ഇന്ത്യൻ എംബസി ഹാളിൽ ഒരു സാഹിത്യ  ശിപാശാല ഒരുക്കിയത് മറ്റൊരു ചരിത്രമായി മാറി. എഴുത്തുകാരും സഹൃദയരും പങ്കെടുത്ത ആ മഹനീയ സദസ്സിൽ എം,ടി. ഉപദേശിച്ചു: 
“ആയിരം മാർഗങ്ങളും ആയിരം മതൃകകളും കണ്ടുകൊണ്ടു ആയിരത്തൊന്നാമത്തെ മാർഗവും മാതൃകയും സൃഷ്ടിക്കാനുള്ള വെമ്പലായിരിക്കണം കഥയെഴുതാൻ തുടങ്ങുമ്പോൾ നിങ്ങളുടെ പരമമായ ലക്ഷ്യം…”
പ്രവാസികളുടെ യാതനയും വേദനയും തൊട്ടറിയാൻ കൂടല്ലൂർക്കാരന് അധികസമയം വേണ്ടിവന്നില്ല, മനസ്സിൽ എന്നോ സൂക്ഷിച്ചപോലെ ആ വാക്കുകൾ നിളപോലെ നിർഗ്ഗളിക്കുകയായിരുന്നു. 

“എന്തുകൊണ്ടാണ് നിങ്ങൾക്കീ മുരടിപ്പ്, ജീവിതത്തിൽ കലണ്ടർ ചിട്ട പാലിക്കാൻ നിർബന്ധിതരായവരാണ് നിങ്ങൾ. എല്ലാ കലാസൃഷ്ടികൾക്കും അലസ വേളകളിലെ മൗനം ആവശ്യമാണ്”. 
“പ്രവാസികളുടെ കാര്യത്തിൽ അലസവേളകൾ അപൂർവം. ധാരാളം വാഗ്‌ദാനങ്ങളുമായി നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നവർ, അവർക്കു താല്പര്യമുണ്ടായിരുന്ന കല, സാഹിത്യം എന്നീ മേഖലകളിൽ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.”

ഗൃഹാതുരത്വത്തിന്റെ വേദനകൾ എന്നും കടിച്ചിറക്കുന്ന, ജീവിതത്തിന്റെ മോഹന സ്വപ്നങ്ങളുമായി മരുഭൂമിയുടെ മാറിടത്തിൽ കരിഞ്ഞുണങ്ങിയ പ്രവാസികളോട് അദ്ദേഹം മറ്റൊരുപദേശം കൂടി കൊടുത്തു: 
“നിങ്ങൾ എല്ലാം മനസ്സിൽ സൂക്ഷിക്കുക, കുറിച്ചിടുക. ജീവിതത്തിന്റെ സായാഹ്നങ്ങളിലെങ്കിലും ഇത്തിരി സമയം കിട്ടുമ്പോൾ അവ പുറത്തെടുക്കുക”. 
“അനുഭവങ്ങൾ ഒരിക്കലും മനസ്സിൽനിന്നും നഷടമാവില്ല. അവ എന്നെങ്കിലും പുറത്തുവന്നെ മതിയാവൂ. അവയൊക്കെ എഴുതാനാവില്ലെങ്കിൽ ആരോടെങ്കിലും പങ്കിടുക…..ഒരു കഥപറച്ചിൽപോലെ…അത് നിങ്ങളുടെ മനസ്സിന് ശാന്തിയും സ്വസ്ഥതയും നൽകും…” 
“പ്രവാസികളായ നിങ്ങൾ പലരുമായും കണ്ടുമുട്ടുന്നവരാണ്, അന്യദേശക്കാരും അന്യഭാഷക്കാരുമായി സംവദിക്കുന്നവരാണ് നിങ്ങൾ”. 
“മറ്റാർക്കും ലഭിക്കാത്ത ഒട്ടേറെ അനുഭവങ്ങളാണ് നിങ്ങളുടെ ജീവിത സമ്പത്തു. അവയൊന്നും മലയാള സാഹിത്യത്തിൽ അധികമൊന്നും വന്നുചേർന്നിട്ടില്ല”. 
“നീ അവന്റെ കഥയറിഞ്ഞോ”, “അവന്റെ കഥ പറയാനില്ല”, “ആ കഥ പറയാത്തതാണ് ഭേദം..” എന്നൊക്കെ നാം സാധരണ ജീവിതത്തിൽ പറയുന്ന അന്യന്റെ കഥയുണ്ടല്ലോ അതൊരു എഴുത്തുകാരൻ പറയുമ്പോൾ അതൊരു യഥാർത്ഥ കഥയായി മാറുന്നു.” 
ഏതൊരാളുടെ ജീവിതാനുഭവങ്ങൾക്കും ഒരു പരിധിയുണ്ട്. സ്വയം അനുഭവിക്കുന്ന, സ്വയം നീറുന്ന ആ പരിമിതികളിൽ മാത്രം ഒതുങ്ങി നിന്നുകൊണ്ട് തന്റെ അനുഭവങ്ങൾ മാത്രം ഒരുക്കികൊണ്ടു ഒരു കഥയോ/നോവലോ എഴുതാൻ പറ്റില്ല. 
സ്വന്തം അനുഭവങ്ങൾ ഉൾക്കൊള്ളുന്നതാണ് ആദ്യതലം, മറ്റാരെങ്കിലും വന്നു പറയുന്ന അനുഭവങ്ങൾ, സംഭവങ്ങൾ കേൾക്കുമ്പോൾ സവിശേഷതയുണ്ടെന്നു തോന്നാം. അതും മനസ്സിൽ സൂക്ഷിക്കുന്നു. 
ഇത്തരം സംഭവങ്ങൾ ഒരു ഘട്ടം കഴിയുമ്പോൾ സ്വന്തം അനുഭവത്തോട് സാമ്യമുള്ളതായി തോന്നുന്നു. ഇതാണ് രണ്ടാം തലം. 
പുറം ലോകത്തുനിന്നും ലഭിക്കുന്ന അറിവുകളിലൂടെ അനുഭവപരമായ മൂന്നാം തലം രൂപപ്പെടുന്നു. ഇത് പത്രപംക്തികളിലൂടെ, വായിക്കുന്ന പുസ്തകങ്ങളിലൂടെ, എവിടെനിന്നോ കിട്ടുന്ന കേട്ടറിവുകളിലൂടെയും മറ്റുമാണ്. 
കാലപ്രവാഹത്തിലൂടെ കടന്നുപോകുന്ന ഏതെങ്കിലും ഒരു നിമിഷത്തിൽ അതിലെവിടെയോ ഒരു കഥയുണ്ടെന്നു തോന്നാം. 

എഴുതണമെന്ന മനസ്സിലെ അദമ്യമായ അഭിലാഷം സർഗ്ഗശക്തിയുള്ള ഒരു എഴുത്തുകാരനിലൂടെ പുറത്തുവരുന്നു. തെരഞ്ഞെടുക്കുന്ന പ്രമേയത്തിൽ ഒരു കഥയുണ്ടാവുന്നു. 
ഇവിടെയാണ് സാധാരണ മനുഷ്യനും എഴുത്തുകാരനായ മനുഷ്യനും തമ്മിലുള്ള വ്യത്യാസം. ജീവിതത്തിൽ നാം കാണുന്നതിലെല്ലാം കഥയുണ്ട്. ഇതിൽ ഏത് തെരെഞ്ഞെടുക്കണമെന്നതാണ് എഴുത്തുകാരന്റെ മനസ്സിലെ സംഘർഷം. 
എഴുത്തുകയെന്നത് അവന്റെ നിയോഗമായി മാറുന്നു. താൻ എഴുതുന്നതുകൊണ്ടു സമൂഹത്തിനു എന്തെങ്കിലും പ്രയോജനം ഉണ്ടാവണമെന്നില്ല. പക്ഷെ, എവിടെയോ ആരോ ആ എഴുത്തുകാരന്റെ ശബ്ദം കേൾക്കാൻ കാതോർത്തിരുന്നു. 
അതൊരാളാവാം, ഒരു സമൂഹമാവാം. ഈ വിശ്വാസം അവനെ കൂടുതൽ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നു. അനുഭവങ്ങൾ അവനെ തേടിയെത്തുന്നു.
എം.ടി.യുടെ ഹൃദയത്തിലൂടെ “ഫിലിമോത്സവം:
കുവൈറ്റ് മലയാളിയുടെ മറക്കാനാവാത്ത മറ്റൊരു അനുഭവമായിരുന്നു എം.ടി. ചിത്രങ്ങളുടെ പ്രദർശനം. 
കുവൈറ്റിൽ ആദ്യമായി നടക്കുന്ന ഒരു മലയാള ഫിലിമോത്സവത്തിന് എം.ടി.യുടെ സാന്നിധ്യവും സാമീപ്യവുമുണ്ടായി എന്നതാണ് ഏറെ പ്രത്യേകത. 
“എം.ടി.യുടെ ഹൃദയത്തിലൂടെ” എന്ന ഡോക്യൂമെന്ററിയോടൊപ്പം “കടവ്”, നാലുകെട്ട്, വൈശാലി, ഒരു വടക്കൻ വീരഗാഥ എന്നീ ചലചിത്രങ്ങൾ എംബസി ഓഡിറ്റോറിയത്തിൽ നിറഞ്ഞസദസ്സിൽ കാണിക്കാനായതും എം.ടി.യുടെ കുവൈറ്റ് യാത്രയുടെ പ്രത്യകതയാണ്. അംബസഡർ ബി.എം.സി.നായരുടെ നിർലോഭമായ സഹകരണം ഒരിക്കലും  മറക്കാനാവില്ല. 
വിഷുക്കണി കുവൈറ്റിൽ:
എംബസിയും, മലയാളി സംഘടനകളും പഞ്ചനക്ഷത്ര താമസ സൗകര്യം ഒരുക്കാമെന്നു പറഞ്ഞെങ്കിലും എം.ടി. എന്നോടൊപ്പം താമസിക്കാനാണ് ഇഷ്ടപ്പെട്ടത്. 
യാത്രക്കുമുമ്പേ അദ്ദേഹം അതേക്കുറിച്ചു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചെങ്കിലും ഒരു മഹാനായ മനുഷ്യനെ കൂടെത്താമസിപ്പിച്ചാൽ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്ന ആലോചനയിലായിരുന്നു ഞാൻ. 

പോരാത്തതിന് ആ സമയത്തു എന്റെ ഭാര്യ മകളുടെ പ്രസവത്തിനായി നാട്ടിലായിരുന്നു.  എന്നോടൊപ്പം എന്റെ ഇളയമകൾ “ഫാദിയ” ഏഴാം ക്ലസ്സുകാരി മാത്രമാണുണ്ടായിരുന്നത്. അവൾക്കാണെങ്കിൽ ദിവസവും സ്കൂളിൽ പോവണം. 
ഞാൻ വിവരങ്ങൾ പറഞ്ഞെങ്കിലും എം.ടി. എന്നോടൊപ്പം  താമസിച്ചാൽ മതിയെന്നായി. അദ്ദേഹവും, ഭാര്യ സരസ്വതിയും  മകൾ അശ്വതിയും  അങ്ങനെ ഏഴു ദിനരാത്രങ്ങൾ ഒരുമിച്ചു താമസിച്ചു. 
കടലിന്നഭമുഖമായ മൂന്നാം നിലയിലെ ബാൽക്കണിയിൽ അതിരാവിലെ കടലിൽ എണ്ണ നിറക്കാനെത്തുന്ന എണ്ണക്കപ്പൽ നോക്കി ബീഡി വലിച്ചിരിക്കുന്ന ഗൗരവക്കാരനായ “വാസുവിന്” ഞാൻ കട്ടൻ ചായ ഉണ്ടാക്കി കൊടുത്തതൊക്കെ എന്റെ ജീവിതത്തിലെ ഭാഗ്യവും അനുഗ്രഹവുമായി മാറിയത് അനിതര സാധാരണമാണ്.

മൂന്നു മുറികളുള്ള എന്റെ ഫ്ലാറ്റിലെ എല്ലാ സൗകര്യങ്ങളും ഞാൻ അവർക്കായി നീക്കിവെച്ചു. അശ്വതിയും അമ്മയും എന്റെ മകൾ ഫാദിയയുമായി  വളരെ വേഗത്തിൽ അടുത്തു. സ്കൂൾവിട്ട് വിട്ടിലെത്തിയാൽ അവളായിരുന്നു അവരുടെ കൂട്ടിന്. 
പ്രഭാത ഭക്ഷണം മുതൽ രാത്രി ഭക്ഷണം വരെ വിളമ്പാൻ കുവൈറ്റിലെ സഹൃദയരായ മലയാളി കുടുംബങ്ങൾ തയ്യാറായിരുന്നു. അവരാണ് സത്യത്തിൽ ഇടതടവില്ലാതെ എം.ടി.ക്കു  വിരുന്നൊരുക്കിയത്. 
എം.ടി.യുടെ ഒരാഴ്ചകാലത്തെ ഹൃദ്യമായ സന്ദർശനം കഴിയാൻ ഒന്നര ദിവസം ബാക്കിനിൽക്കെ വന്ന “വിഷു”വിനു എം.ടി.യെ എങ്ങനെ പരിചരിക്കുമെന്നായിരുന്നു എന്റെ ചിന്ത. 
മരുഭൂമിയിലെത്തിയ മഹാകഥാകാരന് എങ്ങനെ വിഷുക്കണി ഒരുക്കും. ഇതിനുമുമ്പ് വിഷുക്കണി ഒരുക്കിയ അനുഭവം എനിക്കില്ല. 
തങ്കച്ചന്റെ വീട്ടിലെ വിഷുക്കണി: 
ഞാൻ ക്രിസ്ത്യാനിയായ  എന്റെ അയൽവാസിയും അതെ കെട്ടിടത്തിലെ അഞ്ചാം നിലയിൽ താമസിക്കുന്ന പത്തനംതിട്ടക്കാരൻ  “തങ്കച്ചനെയും കുടുംബത്തെയും”  ആ ദൗത്യം ഏൽപ്പിച്ചു. 
അത് അവരുടെ ജീവിതത്തിലെ മഹാഭാഗ്യമായി കണ്ട തങ്കച്ചൻ വളരെ ഭാഗിയായി ആ കർമ്മം നിർവഹിച്ചു.  ജന്മ നാട്ടിൽനിന്നും മരഭൂമിയിലെത്തിയ എം.ടി.യുടെ പതിവ് “വിഷുക്കണി” ഇവിടെയും ഒരുക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. 
രാവിലെ തന്നെ വിഷുപ്പുടവ ഉടുത്തുകൊണ്ട് എം.ടി.യും ഭാര്യയും, മകളും ഒപ്പം  ഞാനും മകളും തങ്കച്ചന്റെ വീട്ടുപടിക്കലെത്തി. 
വാതിൽ തുറന്നപാടേ അവരൊരുക്കിയ തനി നാടൻ വിഷുക്കണി ഏറെ ഹൃദ്യവും മരുഭൂമിയിലെ അത്ഭുതവുമാണെന്ന് എം.ടി. പിന്നീട് എന്നോട് പറഞ്ഞിരുന്നു. തങ്കച്ചന്റെയും കുടുംബത്തിന്റെയും രണ്ടാം പ്രാതലൊരുക്കമായിരുന്നു വിഷുവിനുണ്ടായിരുന്നത്. 
കൂടല്ലൂരിലെ വാസുവിനെ കാണാൻ എല്ലാദിവസവും കുവൈറ്റിലെ മലയാളികൾ എന്റെ ഫ്ലാറ്റിൽ വുന്നുംപോയുമിരുന്നു. 
ഏഴു ദിനരാത്രികളിലും  വിവിധ പരിപാടികളിലും അവരെല്ലാം പങ്കെടുത്തു. ഓരോ എഴുത്തുകാരനും അവരുടേതായ ഒരു ലോകമുണ്ട്, ഗ്രാമാണെങ്കിലും, നഗരമാണെങ്കിലും മരുഭൂമിയാണെങ്കിലും  അവരുടെ കൊച്ചു ലോകത്തുനിന്ന് അവരെവിടെയും പോവില്ല. 
ചുറ്റുമുള്ള മഹാസാഗരങ്ങളിൽപോലും അവരുടേതായ ഇടം കണ്ടെത്താനാണ് അവർ ശ്രമിക്കുക. എം.ടി.യുടെ ഇടം മരുഭൂമിയിലും വ്യത്യസ്ഥമായിരുന്നില്ല. ആരോടും അധികം സംസാരിക്കാത്ത ശീലം, ഗൗരവം സ്പുരിക്കുന്നു മുഖഭാവം. 
അതൊക്കെ എം.ടി.യുടെ സ്ഥായിയായ ഭാവമാണെന്ന് മലയാളികൾക്ക് നന്നായറിയാമായിരുന്നു. അതുകൊണ്ടു തന്നെ ആർക്കും പരിഭവമോ, പരാതിയോ ഉണ്ടായിരുന്നില്ല.
ആധുനിക ലോകം ഒരു തരിശുനിലമാണെന്നും ഇവിടെത്തെ മനുഷ്യർ പൊള്ളയായ മനുഷ്യരാണെന്നും ആധുനിക നാഗരികത അതിന്റെ നാശത്തിലേക്കു നടക്കുകയാണെന്നും ടി.എസ് എലിയറ്റ് ലോകത്തോട് വിളിച്ചുപറഞ്ഞത് അദ്ദേഹത്തിന്റെ “ദി വെസ്ററ് ലാൻഡ് ” എന്ന മഹത്തായ കൃതിയിലൂടെയാണ്. 

ഒരുപക്ഷെ, എം.ടി.കണ്ട വിശാലമായ മരുഭൂമിയും അതിലെ തരിശ്ശായ പ്രദേശവും അദ്ദേഹത്തിന്റെ രചനയിൽ ഒരു പുതിയ മാനങ്ങൾ കണ്ടെത്തിയെങ്കിൽ ഞങ്ങൾ കൃതാർത്ഥരാണ്. 
മകൾ അശ്വതിയും അമ്മയും എന്റെ മകൾ ഫാദിയയുമായി ഏറെ അടുത്തിരുന്നു. വിട്ടുമാറാനാവാത്ത ഒരു സൗഹൃദം മകളുമായുണ്ടായി. അവർ പരസ്പരം അവരുടേതായ ലോകത്തിലെ ചങ്ങാത്തം പങ്കുവെച്ചു. 
എന്നിട്ടും, ഏഴാം ദിവസംവരെ എം.ടി. എന്റെ മകളോട് ഒന്നും ഉരിയാടാത്തതിലുള്ള പരിഭവം അവൾ എന്നോട് പങ്കുവെച്ചിരുന്നു. 
പക്ഷെ, ഏഴാംദിവസം അവളെ അരികിൽ വിളിച്ചിരുത്തി സൗമ്യമായി സ്‌നേഹത്തോടെ എം.ടി. ഉപദേശിച്ചു.
“നല്ലോണം പഠിക്കണം, ധാരാളം വായിക്കണം..” അവളുടെ തലയിൽ കൈവെച്ചു അവളെ അനുഗ്രഹിച്ചുകൊണ്ടു ഒരു പുസ്തകം അവൾക്കു സമ്മാനമായി കൊടുക്കുകയും ചെയ്തു.
വർഷങ്ങൾക്കുശേഷം 2018-ൽ ഞാൻ എം.ടി.യെ കാണാനായി കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വസതിയിൽ  പോയിരുന്നു. 
അപ്പോഴും എം.ടി. തിരക്കിയത് അന്ന് കുവൈറ്റിൽ കണ്ട മകളെ കുറിച്ചായിരുന്നു. ഞാൻ പറഞ്ഞു:  “അവളിന്ന് ഡോ: ഫാദിയ ഹസ്സനാണ്, ദുബൈയിലെ ആസ്റ്ററിൽ ജോലി. കുടുംബസമേതം താമസിക്കുന്നു.” 
ഏഴാം ദിവസം വരെ മിണ്ടാതിരുന്ന എം.ടി. പോകുന്ന ദിവസം  അനുഗ്രഹിച്ച കഥ മകൾ ഇടക്കൊക്കെ ഓർക്കാറുണ്ട്, ഒപ്പം അശ്വതിയെയും.
-ഹസ്സൻ തിക്കോടി

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed