തിരുവനന്തപുരം: തിരക്കഥയുടെ രാജശിൽപ്പിയായിരുന്നു എം.ടി വാസുദേവൻ നായർ. ഹരിഹരനെപ്പോലെ നിരവധി സംവിധാകയരെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ചുയർത്തിയത് ആ തിരക്കഥകളാണ്.
എം.ടിയുടെ രചനയിൽ പന്ത്രണ്ട് സിനിമകളാണ് ഹരിഹരൻ സംവിധാനം ചെയ്തത്. നാല് പതിറ്റാണ്ട് മുൻപ് റിലീസായ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലാണ് ഹരിഹരൻ – എം.ടി ടീം ആദ്യമായി ഒന്നിച്ചത്.
മികച്ച ചിത്രത്തിനുള്ള 1973ലെ ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് നിർമാല്യം. ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന സ്വന്തം കഥയെ ആസ്പദമാക്കി എം.ടിയാണ് തിരക്കഥ ഒരുക്കിയത്
1965ൽ മുറപ്പെണ്ണിന്റെ തിരക്കഥയിലൂടെയാണ് എം.ടി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കിറങ്ങിയത്. ആ വരവ് മലയാള സിനിമയോടും സമൂഹത്തോടും ചിലതെല്ലാം പറയാനായിരുന്നു.
പിന്നീട് പ്രൗഡഗംഭീരമായ എത്രയോ തിരക്കഥകൾ മലയാള സിനിമയുടെ ഭാവുകത്വം മാറ്റിമറിച്ചു. ഓരോ കാലഘട്ടങ്ങളിലും ഇതിഹാസങ്ങൾ ഉണ്ടാവാറുണ്ട്. നമ്മുടെ കാലഘട്ടത്തിൽ മലയാളത്തിന്റെ ഇതിഹാസമായിരുന്നു എം.ടി.
വടക്കൻ പാട്ടിലെ വീരനായകനായ ആരോമൽ ചേകവരെ വില്ലനും ചതിയൻ ചന്തുവിനെ നായകനുമാക്കി വടക്കൻ വീരഗാഥ എന്ന സിനിമയ്ക്ക് 1989ൽ തിരക്കഥയൊരുക്കിയത് എം.ടിയായിരുന്നു. സമൂഹത്തിലെ എല്ലാ പ്രായക്കാരുടെയും മനസിൽ പതിഞ്ഞ സിനിമയായിരുന്നു അത്.
35 വർഷത്തിനിപ്പുറവും ഫ്രീക്കന്മാർ പോലും പറയുന്ന ഡയലോഗാണ് ‘ ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ…’ അതാണ് എം.ടി. കാലാതിവർത്തിയായ എഴുത്തുകാരൻ.
അദ്ദേഹത്തിന്റെ എഴുത്തിന് മരണമില്ല. സിനിമയുടെ മഹാവിജയം എം.ടിയുടെ എഴുത്തിനുള്ള അംഗീകാരമായിരുന്നു. വടക്കൻ വീരഗാഥയടക്കം എം.ടി.യുടെ തിരക്കഥകൾ ഏറ്റവും കൂടുതൽ സിനിമയാക്കിയത് ഹരിഹരനാണ്. എം.ടിയുടെ മനസ്സറിഞ്ഞ സംവിധായകൻ. എം.ടി.യുടെ ഒരു കഥയോ തിരക്കഥയോ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത സംവിധായകരില്ല
ഉറഞ്ഞു തുള്ളി ദൈവമായി ജീവിച്ചിട്ടും ഗതികെട്ടു പോയൊരു വെളിച്ചപ്പാടിന്റെ കഥയാണ് നിർമ്മാല്യം. സിനിമയുടെ ക്ലൈമാക്‌സിൽ, വെളിച്ചപ്പാട് വാൾകൊണ്ട് നെറ്റിയിൽ പലതവണ വെട്ടുകയും ക്ഷേത്രസന്നിദ്ധയിലേക്ക് ഓടിക്കയറി, ദേവീവിഗ്രഹത്തെനോക്കി ചിരിച്ചുകൊണ്ട് തന്റെ വായിലേക്കൊഴുകിവന്ന രക്തം വിഗ്രഹത്തിന് നേരെ കാർക്കിച്ചുതുപ്പി.
തുടർന്ന് വാൾ വലിച്ചെറിഞ്ഞു. ആ രംഗം മലയാള ചലച്ചിത്ര സമീപനങ്ങളെ ഞെട്ടിച്ചു. മലയാളസിനിമ ഇന്നും ആ ഞെട്ടലിൽനിന്നും മുക്തമായിട്ടില്ല.
ധീരതയോടെ മലയാളിയുടെ സാംസ്‌കാരിക ബോധത്തിലേക്ക് തീനാളങ്ങളെറിഞ്ഞ് ഒരു സിനിമചെയ്യാൻ ത്രാണിയുണ്ടെങ്കിൽ അത് എം.ടിക്ക് മാത്രമേയുള്ളൂ.
1973 ൽ എറ്റവും മികച്ച ചിത്രത്തിനും നടനുമുള്ള (പി.ജെ.ആന്റണി) ദേശീയ അവാർഡ് നിർമ്മാല്യത്തിനായിരുന്നു. എം.ടി തിരക്കഥ രചിച്ച് തുടങ്ങിയത് മുറപ്പെണ്ണിലൂടെയായിരുന്നു. എ. വിൻസന്റായിരുന്നു സംവിധായകൻ
തുടർന്ന് ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ, താഴ്‌വാരം, അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. നിർമ്മാല്യം, മഞ്ഞ്, കടവ്, ബന്ധനം, വാരിക്കുഴി, ഒരു ചെറുപുഞ്ചിരി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ.
1983 ലാണ് മഞ്ഞ് സിനിമയാവുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും എം.ടി തന്നെയായിരുന്നു. ചിത്രം ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തി
എം.ടി. കഥയെഴുതിയ നൈനിറ്റാളും പരിസരങ്ങളുമെല്ലാം ക്യാമറയിൽ ഒപ്പിയെടുക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയായിരുന്നു. കവിതപോലെ മനോഹരമായ നോവൽ. മഞ്ഞിലുടനീളം ഒരുതരം മൗനവും കാത്തിരിപ്പും അനുഭവിക്കാം.
ഒരിക്കലും തിരിച്ചുവരാത്ത, സഹൃദയനും സഞ്ചാരിയുമായ തന്റെ കാമുകൻ സുധീർ കുമാർ മിശ്രയെ കാത്തിരിക്കുന്ന വിമലയും ഇന്നേവരെ കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ തേടുന്ന ബുദ്ദുവുമെല്ലാം വല്ലാത്തൊരനുഭവമായിരുന്നെന്ന് ഷാജി.എൻ.കരുൺ പറയുന്നു.
എസ്.കെ പൊറ്റെക്കാടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി 1991ലാണ് കടവ് എന്ന ചിത്രം ചെയ്തത്. സന്തോഷ് ആന്റണി, ബാലൻ കെ.നായർ, തിലകൻ, മോനിഷ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രവും നിർമിച്ചത് എം.ടി
ഒരു വടക്കൻ വീരഗാഥ, കടവ്, സദയം, പരിണയം, എന്നീ ചിത്രങ്ങൾക്കും മികച്ച തിരക്കഥ പുരസ്കാരം . കടവിന് മികച്ച മലയാള ചിത്രത്തിനുള്ള അംഗീകാരവും ലഭിച്ചു.
ഒരു ചെറുപുഞ്ചിരിക്ക് മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനുള്ള ദേശീയ അംഗീകാരം .എം.ടി. ചിത്രങ്ങൾക്ക് ലഭിച്ചത് 19 സംസ്ഥാന പുരസ്കാരങ്ങളാണ്.
നിർമ്മാല്യത്തിനും കടവിനും മൂന്നു അംഗീകാരങ്ങൾ വീതം. ഓളവും തീരവും സംസ്ഥാന അംഗീകാരം നേടി. പഴശ്ശിരാജയ്ക്കും ലഭിച്ചു സംസ്ഥാന പുരസ്കാരം .എം.ടി തൂലികയിൽ പിറന്ന അവസാന സിനിമ ഹരിഹരൻ സംവിധാനം ചെയ്ത ഏഴാമത്തെ വരവ് ആണ്
എം.ടിയുടെ പെരുന്തച്ചൻ പറയുന്നൊരു വാക്യമുണ്ട്: കല്ലിൽ ആദ്യം സപ്തസ്വരം കേൾപ്പിച്ചവൻ പെരുന്തച്ചൻ. അതു മതി.
തലമുറകൾ കഴിഞ്ഞാൽ ചെയ്തത് പലതും മറക്കും. പക്ഷേ അതു മറക്കില്ല. തലമുറകൾക്ക് നെഞ്ചോട് ചേർത്തുവയ്ക്കാൻ എത്ര മഹനീയ ശില്പങ്ങൾ സമ്മാനിച്ചാണ് അക്ഷരസാമ്രാജ്യത്തിലെ ഈ രാജശില്പി മടങ്ങുന്നത്.