തിരുവനന്തപുരം ∙ തോടുകളിൽ മാലിന്യം തള്ളുന്നത് കണ്ടെത്തുന്നതിന് കോർപറേഷൻ പരിധിയിൽ എഐ ക്യാമറകൾ സ്ഥാപിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കയ്യിലെ മാലിന്യം ചിതറി വീണാൽ പോലും നടപടി ഉണ്ടാകും. നഗരസഭയ്ക്കു കീഴിലുള്ള റോഡുകളിലെ ഓടകൾ ഒരാഴ്ചയ്ക്കകം വൃത്തിയാക്കും. എല്ലാ വാർഡുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകി.
നഗരസഭാ പദ്ധതികളായ അമൃത്, സ്മാർട്ട് സിറ്റി എന്നിവയിൽ ഉൾപ്പെടുത്തി 6 കോടി രൂപ വിനിയോഗിച്ച് സക്കിങ് കം ജെറ്റിങ് മെഷീനുകൾ വാങ്ങാൻ തീരുമാനിച്ചു. മാൻഹോളുകളിലേക്ക് അനധികൃതമായി നൽകിയിരിക്കുന്ന കണക്ഷനുകൾ കണ്ടെത്തുന്നതിന് സ്ഥാപനങ്ങളിലും വീടുകളിലും നഗരസഭയും വാട്ടർ അതോറിറ്റിയും സംയുക്തമായി സർവേ നടത്തും.