തിരുവനന്തപുരം പെരുമാതുറ മാടൻ വിളയിൽ വീടുകൾക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മൂന്ന് പേ‍ർ പിടിയിൽ. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവർ. ചിറയിൻകീഴ് ആറ്റിങ്ങൽ സ്വദേശി ആകാശ്, അബ്ദുൽ റഹ്മാൻ, സഫീർ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.  
മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്കാണ് ബോംബ് ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അർഷിദ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറാണ് അർഷിദ്. ആദ്യം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു വീടിന് നേരെ ബോംബാക്രമണം ഉണ്ടായത്.  കാറിലെത്തിയ നാലംഗ സംഘമാണ് വീടുകൾക്ക് നേരെ നാടൻ ബോംബെറിഞ്ഞത്. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാട് സംഭവിച്ചു. വീടിൻറെ ജനലുകൾ ആക്രമണത്തിൽ തകർന്നു. ആക്രമണത്തിൻറെ കാരണം വ്യക്തമല്ല. 
ഇന്നലെ ഉച്ചയോടെ കാറിലെത്തിയ ഒരു സംഘം പ്രദേശവാസികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവർ തന്നെയാണ് രാത്രിയിൽ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *