ആരാട്ടുപുഴ കടലോര ഗ്രാമത്തിൽ തെരുവുനായിക്കളാൽ ക്രൂരമായി ആക്രമിക്കപ്പെട്ട് ഒരു വൃദ്ധമരിച്ച സംഭവത്തിൽ നിന്നും ഉയരുന്നത് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിൻ്റെ നഗ്നമായ ലംഘനമാണ്!
എന്നാൽ തെരുവു നായിക്കളുടെ കടിയേറ്റ് വൃദ്ധമരിച്ചു എന്ന നിലയിൽ മാത്രമായി വാർത്തയെ ചുരുക്കുമ്പോൾ അതിൻ്റെ ഗൗരവം അട്ടിമറിക്കപ്പെടുന്നു. കാരണം പട്ടികടിയേറ്റ് വൃദ്ധമരിച്ചു എന്നു വന്നാൽ മരണത്തിൻ്റെ കാരണം തെരുവുപട്ടികളിൽ മാത്രമായി ചെന്നുനിൽക്കുകയേയുള്ളു. അതേസമയം ജീവിക്കാനുള്ള അവകാശത്തിൻ്റെ പച്ചയായ ലംഘനമായി അതിനെ കാണുമ്പോഴാണ്.
വൃദ്ധയായ ആ അമ്മയുടെ ജീവിക്കാനുള്ള അവകാശം ആരാണ് ലംഘിച്ചത് എന്ന നൈതികമായ ചോദ്യം ഉയരുന്നത്.
അന്തസായി ജീവിക്കാനുള്ള അവകാശത്തെ ഉറപ്പുവരുത്താനുള്ള ഉത്തരവാധിത്വമാണ് ജനാധിപത്യ സംവിധാനങ്ങൾ എന്നറിയപ്പെടുന്ന ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി തുടങ്ങിയവും അവയുടെ വ്യവഹാരത്തിനായുള്ള മറ്റു സംവിധാനങ്ങളും നിർവ്വഹിക്കേണ്ടത്.
തെരുവുനായ് മുതൽ കാട്ടാനവരെയുള്ള ജന്തുക്കളുടെ ബീഭത്സമായ അതിക്രമങ്ങൾക്ക് ഇരയായി നിസ്സഹായരായ സാധാരണ ജനങ്ങൾ കൊല്ലപ്പെടുമ്പോൾ അവിടെ ഇടപെടാൻ കഴിയാത്ത നിലയിൽ, ഭരണഘടനയുടെ 21-ാം അനുഛേദത്തിലെ ജീവിക്കാനുള്ള അവകാശത്തെ ആരാണ് തടഞ്ഞുവെക്കുന്നത്?
ഇന്ത്യയിൽ രൂപപ്പെടുത്തുന്ന ഏതു നിയമവും കോടതി വിധികളും അടിസ്ഥാനപരമായി ഭരണഘടന ഓരോ വകുപ്പിലൂടെയും വിഭാവനം ചെയ്യുന്ന മൂല്യങ്ങളെ ലംഘിക്കാത്തവ ആയിരിക്കണമെന്നിരിക്കെ, അക്രമകാരികളായ മൃഗങ്ങളിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ കഴിയാത്ത നിലയിൽ മൃഗസംരക്ഷണത്തിനായി ആരാണ് പ്രത്യേക നിയമങ്ങൾ ചമച്ചത്?
ആരാണ് അതിന്മേൽ മനുഷ്യത്വമില്ലാത്ത വിധികൾ പുറപ്പെടുവിക്കുന്നത്? ആരാണ് അതിൻ്റെ മുന്നിൽ തലകുനിക്കാത്തവരെ ശിക്ഷവിധിക്കുന്നത്? അക്രമകാരികളായ മൃഗങ്ങളാൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ ഓരോ വാർത്തയും ഇവ്വിധ ചിന്തകൾ നമ്മളിൽ സൃഷ്ടിക്കേണ്ടതാണ്. പക്ഷേ, ഒരു ഞെട്ടലും സഹതാപവും ചാനൽ ചർച്ചയും കഴിഞ്ഞ് അതിനപ്പുറത്തേയ്ക്ക് പോകുവാൻ, ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലെ ജീവിക്കാനുള്ള അവകാശത്തെ പ്രായോഗികമാക്കാൻനമുക്ക് കഴിയാതെ പോകുന്നു.
ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കേണ്ടവർ, അതിനെതിരാ നിയമങ്ങളും വിധികളും കണ്ടെത്തി , ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റണം.
തെരുവുനായ്ക്കളെക്കുറിച്ചു പറയുമ്പോൾ ഒരിക്കലും പ്രായോഗികമല്ലാത്ത ദി അനിമൽ ബർത്ത് കണ്ട്രോൾ (എ ബി സി) പ്രോഗ്രാമിനെയാണ് പലപ്പോഴും പഞ്ചായത്തുകൾ മുതൽ കോടതികൾ വരെ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ 1994ൽ മേനകാ ഗാന്ധി കൊണ്ടുവന്ന ആ നിയമത്തിൻ്റെ അപ്രായോഗികത അറിയാൻ അതിനു ശേഷം മൂന്നുപതിറ്റാണ്ടായി തെരവുനായ്ക്കളുടെ കടിയേറ്റവരുടെയും കടിയേറ്റ് മരിച്ചവരുടെ എണ്ണം എടുത്താൽ മാത്രം മതി.
അപ്രായോഗികമായ എ ബി സി പ്രോഗ്രാം പഞ്ചായത്തുകളുടെ ചുമലിൽ കെട്ടിവച്ച് എല്ലാം ഭദ്രമായെന്ന് സമാധാനിക്കുവാൻ ജനാധിപത്യ സംവിധാനങ്ങൾക്ക് എങ്ങനെ കഴിയുന്നു?
രസകരമായ സംഗതി ഇവിടെ നിയമം പ്രായോഗികമായി നടപ്പിലാക്കുന്നതിലും പ്രാധാന്യം കല്പിക്കുന്നത് തെരുവുനായ്ക്കളുടെ അതിക്രമത്തിന് ഇരയാവുന്നവരിൽ ചിലർക്കെങ്കിലും നഷ്ടപരിഹാരം നൽകാൻ മാത്രമാണ്. അതിനായി പ്രത്യേക (ജുഡീഷ്യൽ) സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാൽ ഈ സംവിധാനത്തിൻ്റെ കരുത്ത് നിയമം നടപ്പിലാക്കുന്നതിന് വിനയോഗിച്ചിരുന്നെങ്കിൽ അതിൻ്റെ അപ്രായോഗികതയെങ്കിലും ബോദ്ധ്യം വരുമായിരുന്നു.
എ ബി സി പ്രോഗ്രാം വന്നതിനു ശേഷം ഓരോ ആറുമാസവും തെരുവുനായിക്കളുടെ എണ്ണം ലക്ഷക്കണക്കിന് പെരുക്കുകയാണ്. എന്നിട്ടും എ ബി സിചൊല്ലിക്കൊണ്ടിരിക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് എങ്ങനെ കഴിയുന്നു?
തെരുവിൽ ഫ്ലക്സ് വച്ചാൽ വണ്ടിയിൽ നിന്നും ചാടിയിറങ്ങി ഫ്ലക്സ് അഴിപ്പിക്കാൻ വരെ ജുഡീഷ്യൽ ആക്ടിവിസം പ്രകടിപ്പിക്കുന്ന നമ്മുടെ രാജ്യത്ത് പച്ചജീവനോടെ സാധു സ്ത്രീകളെ പട്ടികൾ കടിച്ചു കീറുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും ആർക്കും ആക്ടീവാകാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
ഈയിടെ ചേപ്പാട് പഞ്ചായത്തിൽ (10-ാം വാർഡിൽ ) തെരുവുനായുടെ കടിയേറ്റ് മരിച്ച ഒരു സാധു സ്ത്രീയുടെ അവകാശികൾക്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു. അന്തസായി ജീവിക്കാനുള്ള അവകാശം മൗലിക അവകാശമായി സംരക്ഷിക്കപ്പെടുന്ന ഒരു രാജ്യത്ത് തെരുവനായുടെ ആക്രമണത്താലോ കാട്ടാനയുടെ അതിക്രമത്താലോ കൊല്ലപ്പെടുന്ന ആളുടെ അവകാശികൾക്ക് എട്ടുലക്ഷമോ പത്തുലക്ഷമോ കൊടുത്താൽ തീരുന്നതാണോ ജീവിക്കാനുള്ള മൗലിക അവകാശത്തിൻ്റെ ലംഘനം?
നമ്മൾ നിർമ്മിക്കുന്ന നിയമങ്ങൾ ഫലപ്രദമല്ലെന്നു കണ്ടാൽ ആ നിയമം ഭേദഗതി ചെയ്യാൻ എന്താണ് തടസ്സം? ഭരണഘടന തന്നെ ഭേദഗതി ചെയ്യുന്ന രാജ്യത്ത് മുപ്പതു വർഷം മുൻപുള്ള ഒരു മന്ത്രിയുടെ മൃഗസ്നേഹം പ്രതിഫലിപ്പിക്കുന്ന മനുഷ്യത്വമില്ലാത്ത നിയമത്തിൻ്റെ കരിനിഴയിൽ മനുഷ്യ ജനങ്ങൾ കടിച്ചു കീറപ്പെടാൻ അനുവദിക്കപ്പെടണമോ?
ചേപ്പാട് രാജേന്ദ്രൻ