ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമായ ബാന്ദ്ര നവംബര്‍ 10ന് തിയേറ്ററുകളിലെത്തും. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദിലീപ് പങ്കുവച്ച രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പുതിയ സിനിമയില്‍ തമന്നയോടൊപ്പം നൃത്തം ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ മകള്‍ മീനാക്ഷി തന്നെ നിരുത്സാഹപ്പെടുത്തിയെന്ന് പറയുകയാണ് ദിലീപ്. 
‘ബാന്ദ്ര’ യിലെ പാട്ടിന്റെ ഷൂട്ടിങ് ദിവസം രാവിലെ ഫോണ്‍ വിളിച്ചപ്പോള്‍ ഇന്ന് എന്താണ് ചെയ്യാന്‍ പോകുന്നതെന്നു മകള്‍ തിരക്കിയെന്നും തമന്നയോടൊപ്പമുള്ള നൃത്തരംഗത്തിന്റെ ഷൂട്ടിങ് ആണെന്നു പറഞ്ഞപ്പോള്‍ തമന്നയൊക്കെ വലിയ നര്‍ത്തകിയാണെന്നും അവര്‍ക്കൊപ്പം നൃത്തം ചെയ്ത് തന്നെ നാണം കെടുത്തരുതെന്നു മീനാക്ഷി പറഞ്ഞതായി ദിലീപ് പറയുന്നു.
ദിലീപിന്റെ വാക്കുകള്‍: 
‘ബാന്ദ്ര എന്ന ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ഇതിലെ നായിക ആയി തമന്ന തന്നെ വേണമെന്ന്. ശരിക്കും പറഞ്ഞാല്‍ തമന്ന ഇല്ലെങ്കില്‍ ഈ സിനിമ ചെയ്യേണ്ട എന്നുള്ള അവസ്ഥയില്‍ ആയിരുന്നു. അരുണ്‍ പോയി തമന്നയെ കണ്ട കാര്യം പറഞ്ഞപ്പോള്‍ അരുണ്‍ നുണ പറയുകയാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവന്‍ ഉടനെ ഫോട്ടോ അയച്ചു തന്നു. അപ്പോഴും എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല. തമന്നാജി സിനിമയുടെ പൂജയ്ക്കു വന്നപ്പോഴാണ് ഞാന്‍ വിശ്വസിച്ചത്. അത് ഡ്രീം കം ട്രൂ എന്നൊരു ഫീല്‍ ആയിരുന്നു.
കുറെ ലൊക്കേഷനുകളില്‍ക്കൂടി സഞ്ചരിച്ച് ഈ സിനിമ ഞങ്ങള്‍ പൂര്‍ത്തീകരിച്ചു. ഏറ്റവും ഒടുവില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്തത് റൗ റൗ റൗ എന്ന പാട്ടാണ്. ആ പാട്ട് ഷൂട്ട് ചെയ്യാന്‍ പോകുന്ന സമയത്ത് ഞാന്‍ രാവിലെ എന്റെ മോള്‍ മീനുക്കുട്ടിയെ വിളിച്ചിട്ട് പറഞ്ഞു, ”മോളെ അച്ഛന്‍ ഷൂട്ടിങ്ങിനു പോവുകയാണ് ട്ടോ” എന്ന്. ഇന്ന് ഏത് രംഗമാണ് എടുക്കുന്നതെന്ന് അവള്‍ ചോദിച്ചു. ഗാനരംഗമാണെന്നും തമന്നയ്‌ക്കൊപ്പമുള്ള ഡാന്‍സ് ഉണ്ടെന്നും പറഞ്ഞപ്പോള്‍ അവള്‍ എന്നോടു പറഞ്ഞത് ”അച്ഛന്‍ ആ പരിസരത്തൊന്നും പോകണ്ട കേട്ടോ. ദൂരെ മാറിയൊക്കെ നിന്ന് ഇങ്ങനെ എത്തിനോക്കുന്നത് വല്ലതും ചെയ്‌തോ, അല്ലെങ്കില്‍ ലിറിക്‌സ് ഒക്കെ പറഞ്ഞു നടക്കുക. അല്ലാതെ തമന്നാജിയുടെ അടുത്തോന്നും പോകരുത് ട്ടോ, ഡാന്‍സ് ചെയ്ത് എന്നെ നാണം കെടുത്തല്ലേ. ഞാന്‍ ഇവിടെ ജീവിച്ചോട്ടെ അച്ഛാ” എന്നാണ്.
അതു കേട്ടപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു. ഞാന്‍ ഉടനെ തമന്നാജിയുടെ അടുത്ത് ചെന്ന് ഇക്കാര്യം പറഞ്ഞു. ‘അന്തമാതിരി സൊല്ലാതിങ്ക സാര്‍, എനക്ക് ഡാന്‍സ് ഒന്നും തെരിയാത്’ എന്നായിരുന്നു തമന്നയുടെ മറുപടി. ആ വാക്കുകള്‍ എനിക്ക് വലിയ ഊര്‍ജമാണു തന്നത്. ദൈവമേ ഡാന്‍സ് പഠിക്കാതെ ഇങ്ങനെ ഡാന്‍സ് ചെയ്യുന്ന ഒരാള്‍ ഡാന്‍സ് പഠിച്ചിരുന്നെങ്കിലോ? എന്ന് മാറി നിന്ന് ഞാന്‍ ആലോചിച്ചു. ഏഴു വര്‍ഷത്തിനു ശേഷമാണ് ഒരു സിനിമയില്‍ നായികയോടൊപ്പം ഞാന്‍ ഡാന്‍സ് ചെയ്യുന്നത്. ആദ്യ ദിവസം മുതല്‍ വളരെക്കാലമായി പരിചയമുള്ളതുപോലെയുള്ള ബന്ധമായിരുന്നു ഞാനും തമന്നയും തമ്മില്‍. ആ കെമിസ്ട്രി സ്‌ക്രീനിലും വര്‍ക്കൗട്ട് ആയിട്ടുണ്ട്. ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അരുണ്‍ ബാന്ദ്രയില്‍ സ്‌കെച് ചെയ്തിരിക്കുന്നത്’, ദിലീപ് പറഞ്ഞു.
മുടി നീട്ടി വളര്‍ത്തി മുബൈ ഡോണ്‍ സ്‌റ്റൈലിലാണ് ബാന്ദ്രയില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്കോട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാഹാദ് തുടങ്ങിയ ഇടങ്ങളിലാണ് ചിത്രീകരണം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. തമന്ന അഭിനയിക്കുന്ന ആദ്യ മലയാള സിനിമയാണിത്. ശരത് കുമാര്‍, രാധിക ശരത് കുമാര്‍, ഈശ്വരി റാവു, മംമ്ത മോഹന്‍ദാസ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. 
ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം സാം സി.എസ്., എഡിറ്റിങ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. 
അന്‍പറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. റാഫി സംവിധാനം ചെയ്യുന്ന ‘വോയ്സ് ഓഫ് സത്യനാഥന്‍’ ആണ് ദിലീപിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
 

By admin

Leave a Reply

Your email address will not be published. Required fields are marked *