യുഎസ് ജയിലുകളിൽ വധശിക്ഷ കാത്തു കിടന്ന 40 പേരിൽ 37 പേർക്ക് അതു ജീവപര്യന്തമായി കുറവ് ചെയ്‌തു പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഈ ഫെഡറൽ തടവുകാർ പരോൾ ഇല്ലാതെ ശിക്ഷ അനുഭവിക്കണം. ട്രീ ഓഫ് ലൈഫ് യഹൂദ ദേവാലയത്തിൽ കൊല നടത്തിയ പ്രതി, ചാൾസ്റ്റണിലെ മദർ ഇമ്മാനുവൽ പള്ളിയിൽ വെടിവയ്പ് നടത്തിയ ആൾ, ബോസ്റ്റൺ മാരത്തൺ ബോംബിങ്ങിൽ ജീവിച്ചിരിക്കുന്ന പ്രതി എന്നിവരാണ് ഇളവ് കിട്ടാത്തവർ.ജസ്റ്റിസ് ഡിപ്പാർട്മെന്റ് 2021ൽ വധശിക്ഷ നിർത്തിവച്ചു അതുമായി ബന്ധപ്പെട്ട നയങ്ങൾ വിലയിരുത്തി തുടങ്ങിയിരുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വധശിക്ഷ വീണ്ടും ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. കൂടുതൽ കുറ്റകൃത്യങ്ങളെ അതിന്റെ പരിധിയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.ബൈഡൻ പറഞ്ഞു: “പുതിയ ഭരണകൂടം ഞാൻ നിർത്തിവച്ച വധശിക്ഷ വീണ്ടും ആരംഭിക്കുന്നത് കണ്ടു നില്ക്കാൻ എന്റെ മനസാക്ഷി അനുവദിക്കില്ല.”ഈ ഇളവുകൾ എന്റെ ഭരണകൂടത്തിന്റെ മരവിപ്പിക്കൽ നയത്തിന് അനുസൃതമാണ്. ഭീകരത, വിദ്വേഷം മൂലമുളള കൂട്ടക്കൊല എന്നീ കുറ്റങ്ങൾക്കു ഞാൻ ഇളവ് അനുവദിച്ചിട്ടില്ല.””ഈ കൊലയാളികളെ ഞാൻ അപലപിക്കുന്നു, തീർച്ച. അവരുടെ കുറ്റകൃത്യത്തിന് ഇരയായവരെ ഓർത്തു ദുഖിക്കുന്നു. അചിന്ത്യമായ നഷ്ടം സഹിക്കേണ്ടി വന്ന കുടുംബങ്ങളുടെ വേദന ഞാൻ ഉൾകൊള്ളുന്നു. എന്നാൽ ഫെഡറൽ തലത്തിൽ തന്നെ വധശിക്ഷ നിർത്തലാക്കണം എന്നാണ് എന്റെ നയം.”അമേരിക്കൻ സിവിൽ ലിബേർട്ടിസ് യൂണിയൻ ബൈഡന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ചരിത്രപരവും ധീരവുമായ തീരുമാനമാണിതെന്നു എക്സിക്യൂട്ടീവ് ഡയറക്റ്റർ ആന്തണി ഡി. റോമെറോ പറഞ്ഞു.