കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വത്തിനു വേണ്ടി സഹോദരന്റെയും അമ്മാവന്റെയും ജീവനെടുത്ത ജോര്‍ജ് കുര്യന് ഇനി വര്‍ഷങ്ങളോളം ജയിലില്‍ കഴിയാം.

കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം തടവ് ശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്

ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി എട്ടു വര്‍ഷവും മൂന്നു മാസവും തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ഇത് ആദ്യം അനുഭവിക്കണം. തടവുശിക്ഷ വെവ്വേറെ അനുഭവിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കേസില്‍ കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യനെ കോടതി ഇന്നലെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.

സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെയാണ് ഇയാള്‍ വെടിവെച്ച് കൊന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അരും കൊല. 2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം

കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ വീട്ടില്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ജോര്‍ജ് കുര്യനാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു.

സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിചാരണ തടവുകാരനായി ഇയാള്‍ കോട്ടയം സബ് ജയിലില്‍ കഴിഞ്ഞുവരികയാണ്.

കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അടുത്ത ബന്ധുക്കള്‍ അടക്കം കൂറ് മാറിയ കേസില്‍ പ്രൊസിക്യൂഷന്‍ ഏറെ ശ്രമപ്പെട്ടാണ് വാദം പൂര്‍ത്തിയാക്കി പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയത്

ദൃക്സാക്ഷികളായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ച ഭൂരിഭാഗം ആളുകളും കൂറുമാറുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകുകയായിരുന്നു.
വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് കേസില്‍ വഴിത്തിരിവായി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *