ബര്‍ലിന്‍: ലോകോത്തര ഭൗതിക ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് എന്‍സ്റൈ്റന്‍ ഒരു പ്രേമലേഖനമെഴുതിയാല്‍ എങ്ങനെയിരിക്കും? ശാസ്ത്രീയമായിരിക്കും, സംശയമില്ല.
മിലേവ മാരിക് എന്ന ആദ്യ ഭാര്യക്ക് ഐന്‍സ്റൈ്റന്‍ എഴുതിയ പ്രേമലേഖനമാണ് ശാസ്ത്രീയ പ്രേമലേഖനത്തിന്റെ ‘ഉത്തമ’ മാതൃകയായി പുറത്തുവന്നിരിക്കുന്നത്. വിവാഹത്തിന് മുമ്പ് ഇരുവരും തമ്മില്‍ കൈമാറിയ പ്രണയലേഖനങ്ങള്‍ പുസ്തകരൂപത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രമുഖ ശാസ്ത്ര ചരിത്രകാരനായ യുര്‍ഗന്‍ റെന്‍ ആണ് പുസ്തകത്തിന്റെ എഡിറ്റര്‍. 1897~1903 കാലത്ത് ഇരുവരും തമ്മില്‍ കൈമാറിയ പ്രണയ ലേഖനങ്ങളുടെ സമാഹാരമാണിത്. അന്ന് ഐന്‍സ്റൈ്റന് പ്രായം 17; മിലേവക്ക് 20ഉം. ഐന്‍സ്റൈ്റന്റെ എഴുത്തുകള്‍ നേരത്തേ റെന്‍ സമാഹരിച്ചിരുന്നു. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഈ കത്തുകള്‍ കണ്ടെത്തിയത്.
ഐന്‍സ്റൈ്റന്റെ ശാസ്ത്രാന്വേഷണങ്ങളുടെ വിശദാംശങ്ങളും കത്തുകളിലുണ്ട്. വിശിഷ്ടാപേക്ഷികതാ സിദ്ധാന്തം, ഫോട്ടോ ഇലക്ട്രിക് പ്രഭാവം തുടങ്ങിയവയെക്കുറിച്ചെല്ലാം പ്രണയഭാഷണത്തിനിടയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ ഗവേഷണങ്ങളിലെല്ലാം മിലേവയുടെ ശക്തമായ അക്കാദമിക് പിന്തുണ ഐന്‍സ്റൈ്റന് ലഭിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കത്തുകള്‍.
ഗണിതത്തിലും ഭൗതികത്തിലും അവഗാഹമുള്ള ശാസ്ത്രജ്ഞയായിരുന്നു മിലേവയും. 1896ലാണ് ഇരുവരും പരിചയപ്പെടുന്നത്. സൂറിച് പോളിടെക്നിക്കിലെ ഗവേഷണകാലമായിരുന്നു അത്. 1903ല്‍ ഇരുവരും വിവാഹിതരായി. 1919ല്‍ വിവാഹമോചിതരായി. ഇതിനിടെ, ഗവേഷണ പ്രബന്ധം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന മിലേവ ചരിത്രത്തില്‍നിന്ന് പതിയെ അപ്രത്യക്ഷയാവുകയും ചെയ്തു.