ദുബായ് :യു എ എയിലെ ഏറ്റവും ബൃഹത്തായ പ്രൊഫഷണൽ ക്രിക്കറ്റ് ലീഗ് സീസൺ 4, 2025 ജനുവരി 25 നു തുടക്കം കുറിക്കുന്നു. ഉത്ഘാടന ചടങ്ങു തന്നെ ആഘോഷമാക്കാൻ വിധം കോളേജുകളുടെ ഘോഷയാത്ര, ഡി ജെ , തുടങ്ങിയ ചില സർപ്രൈസുകളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ക്രിക്കറ്റ് കൗൺസിൽ അംഗീകരിച്ച 100 ബോൾ ഫോർമാറ്റിൽ യൂറോപ്പിന് പുറത്തു ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത് അക്കാഫ് ഇവെന്റ്‌സാണ്. വിവിധ കലാലയങ്ങളെ പ്രതിനിധീകരിച്ചെത്തുന്ന 32 ടീമുകൾ മാറ്റുരക്കുന്ന വാശിയേറിയ മത്സരങ്ങൾ ഫെബ്രുവരി 15 നു നടക്കുന്ന ഫൈനലോടെ അവസാനിക്കും.
ഒപ്പം 8 വനിതാ ടീമുകൾ ഈ തവണ മത്സരത്തിനെത്തുന്നു എന്നതും ഈ ലീഗിന്റെ പ്രത്യേകതയാണ്. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരവും, രണ്ടു പ്രാവശ്യം ലോക കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച എസ്. ശ്രീശാന്ത് ഈ ലീഗിന്റെ ബ്രാൻഡ് അംബാസിഡർ ആയിരിക്കുമെന്ന് അക്കാഫ് ഭാരവാഹികൾ അറിയിച്ചു.
ക്രിക്കറ്റ് ലീഗിന്റെ വിജയകരമായ നടത്തിപ്പിനായി എം ജി കോളജ് അംഗം ബിജു കൃഷ്ണൻ കൺവീനറായും, ജോയിന്റ് കൺവീനർമാരായി ഗോകുൽ, ബോണി വർഗീസ് , മായ ബിജു , എക്സ് കോം കോർഡിനേറ്റർ മാരായി അമീർ കല്ലട്ര, സിയാദ് സലാഹുദ്ധീൻ, സുമീഷ് സരളപ്പൻ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു.
മികച്ച പ്രകടനം കാഴ്ച വെക്കുന്ന ടീമുകൾക്ക് അത്യാകർഷകങ്ങളായ സമ്മാനങ്ങൾ കാത്തിരിക്കുന്ന സീസൺ 4 ഇൽ സന്ദർശകർക്കായി ദിനംപ്രതിയുള്ള നറുക്കെടുപ്പുകളും ഉണ്ടായിരിക്കും.
മത്സരത്തിന്റെ വിവിധഘട്ടങ്ങളിൽ അക്കാഫ് മെമ്പർ കോളേജുകളിൽ പഠിച്ച പൂർവ്വ വിദ്യാര്ഥികളായ ഇന്ത്യ-കേരള ക്രിക്കറ്റ് കളിക്കാർ ഉൾപ്പെടെയുള്ളവരെ വിവിധ ടീമുകൾ അവരവരുടെ ടീമിന് വേണ്ടി മത്സരിക്കാൻ എത്തിക്കുന്നുണ്ട്.
അതോടൊപ്പം മൈതാനത്തു കാണികൾക്ക് പങ്കെടുക്കുന്നതിനായി വിനോദപരമായ മത്സരങ്ങൾ, ഭക്ഷണ മേളകൾ , അടങ്ങിയ വിവിധ പരിപാടികൾ ആണ് സീസൺ 4 ഒരുക്കിയിരിക്കുന്നത്.