പൊന്നാനി:   കളമശ്ശേരി സ്‌ഫോടനത്തിൽ മുസ്ലിം സമുദായത്തിന് നേരെ ഉറഞ്ഞുതുള്ളാൻ തുടങ്ങിയവരെ നിരാശരാക്കി യഥാർത്ഥ പ്രതിയെ സംസ്ഥാന പോലീസ് അറസ്റ് ചെയ്തത് സമാധാന ദാഹികളെ ഏറെ ആശ്വസിപ്പിച്ച കാര്യമായെങ്കിലും സംഭവത്തിലെ  പിന്നാമ്പുറ കഥകൾ മുഴുവൻ ദയാദാക്ഷിണ്യത്തോടെ പുറത്തുകൊണ്ടുവരണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ആവശ്യപ്പെട്ടു.  പ്രതി സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തത് ആ നിലക്ക് നല്ല കാര്യമാണെങ്കിലും അതിന് പിന്നിൽ ഉണ്ടായേക്കാവുന്ന സാമൂഹ്യ വിരുദ്ധ വർഗീയ സംഘങ്ങളെയും കേന്ദ്രങ്ങളെയും  ഉൾപ്പെടുത്തിക്കൊണ്ടുള്ള  സമഗ്രമായ  അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാനമായ സാമൂഹ്യ ദ്രോഹങ്ങൾ അരങ്ങേറുന്ന മാത്രയിൽ മുസ്ലിംകളിലേക്ക് സംശയത്തിന്റെ വിരലും നാക്കും തിരിക്കുകയെന്ന മാനസിക വൈകല്യമുള്ളവർക്കെതിരെ  മാതൃകാപരമായ നടപടികളാണ് വേണ്ടത്.  അസ്വസ്ഥത സൃഷ്ടിക്കാനായി മാത്രം പ്രവർത്തിക്കുന്ന വ്യക്തികളും സംഘങ്ങളും നിരവധിയാണ്.  ഇപ്പോൾ കുറ്റം സമ്മതിച്ച വ്യക്തിയ്ക്ക് സ്ഫോടന വസ്തുക്കൾ ഉണ്ടാക്കാനും കാര്യങ്ങൾ ആസൂത്രണം ചെയ്യാനും  സഹായിച്ചവരെ  ഇത്തരക്കാരിൽ  കണ്ടേക്കാം.  അതിനാൽ  ഇവരെ കൂടി കളമശ്ശേരി സ്ഫോടന കേസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തേണ്ടത് കേരളത്തിൽ സമാധാനവും സ്വസ്ഥതയും തുടർന്നും നിലനിൽക്കുന്നതിന് അനിവാര്യമാണെന്നും  ഉസ്താദ് ഖാസിം കോയ തുടർന്നു.
ആയതിനാൽ, മഹത്തായ ഫലസ്തീൻ പോരാട്ടത്തെ പോലും താറടിക്കുകയും കേരളത്തിലെ മഹത്തായ ഒത്തൊരുമയ്ക്കും സമാധാനത്തിനും പോറലേൽപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം വെച്ച്  അടിസ്ഥാനരഹിതമായി സോഷ്യൽ മീഡിയകളിലും ചാനലുകളിലും മറ്റു മാധ്യമങ്ങളിലും ഉറഞ്ഞു തുള്ളുന്നവരെ ഒഴിവാക്കി കൊണ്ടുള്ള അന്വേഷണം തൊലിപ്പുറമെയുള്ള ചികിത്സ മാത്രമേയാവൂ എന്നും പ്രസ്താവന തുടർന്നു.   എത്രയോ അനുഭവങ്ങളിൽ നിന്ന് യാതൊരു പാഠവും പഠിക്കാത്ത സാമൂഹ്യ ദോഷകാംക്ഷികൾ ഇത്തവണയും രംഗത്തെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.  ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച പോലീസും ഭരണകൂടവും പ്രശംസ അർഹിക്കുന്നതായും ഖാസിം കോയ പ്രസ്താവനയിൽ വിവരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *