നിയമപ്രശ്നങ്ങള്‍ നേരിടുമ്പോള്‍ തെരുവിലിറങ്ങുന്നതിനുപകരം രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കണമെന്ന് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍. ഗുവാഹത്തിയിലെ കോട്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”ജുഡീഷ്യറിയില്‍ നിന്നോ അന്വേഷണ ഏജന്‍സികളില്‍ നിന്നോ സമന്‍സ് ലഭിക്കുമ്പോഴെല്ലാം തെരുവിലിറങ്ങുന്ന ചിലരുണ്ട്. രാജ്യത്തിന്റെ ഭരണ സംവിധാനം അണുവിമുക്തമാക്കി, പവര്‍ ബ്രോക്കര്‍മാരെ നിര്‍വീര്യമാക്കി. നമുക്ക് ശക്തമായ ഒരു നീതിന്യായ വ്യവസ്ഥയുണ്ട്. എന്തുകൊണ്ട് നമുക്ക് അത് പ്രയോജനപ്പെടുത്തിക്കൂടാ? നമ്മുടെ കോടതികള്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്,’ അദ്ദേഹം പറഞ്ഞു.
നിലവിലെ ഭരണ സംവിധാനത്തിന് കീഴില്‍ നിന്നും അഴിമതി തുടച്ചുനീക്കിയതായും വൈസ് പ്രസിഡന്റ് വ്യക്തമാക്കി. ‘ചിലരിലേക്ക് നിയമത്തിന് എത്താന്‍ കഴിയില്ല, എല്ലായിടത്തും ബ്രോക്കര്‍മാരുണ്ട്, അഴിമതി വ്യാപകമാണ് എന്ന് കരുതിയിരുന്ന സമയങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആ കാലങ്ങള്‍ ഇപ്പോള്‍ അവസാനിച്ചു.
‘നമ്മുടെ പവര്‍ ഇടനാഴികളും ഭരണ സംവിധാനവും പവര്‍ ബ്രോക്കര്‍മാരും അഴിമതിക്കാരും കൊണ്ട് നിറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ ഇടനാഴികള്‍ ഇപ്പോള്‍ അണുവിമുക്തമാക്കുകയും ബ്രോക്കര്‍മാരെ നിര്‍വീര്യമാക്കുകയും ചെയ്തു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് സാധാരണ പൗരന്മാരും വിദ്യാര്‍ത്ഥികളും ആണ്. എല്ലാ മേഖലകളിലും രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കണമെന്ന് അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയുടെ വളര്‍ച്ച ചില വിഭാഗങ്ങളുമായി ചേര്‍ന്ന് പോയിട്ടില്ല. അത്തരം ശക്തികളെ പരാജയപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. ‘രാജ്യത്തിന്റെ ശബ്ദം ഇപ്പോള്‍ ആഗോളതലത്തില്‍ ഉയര്‍ന്നതാണ്, അത് പലര്‍ക്കും ഇഷ്ടമായിട്ടില്ല. ഭാരത് വിരുദ്ധ വിവരണങ്ങളെ നിര്‍വീര്യമാക്കേണ്ടത് നമ്മുടെ കടമയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.