മലാഡ്: കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവസുകാരന്റെ മൃതദേഹം അയൽവാസിയുടെ ടെറസിലെ കുടിവെള്ള ടാങ്കിൽ. അബ്ദുൾ റഹ്മാൻ ഷെയ്ഖ് എന്ന അഞ്ച് വയസുകാരനെ കണ്ടെത്തിയത്.
മഹാരാഷ്ട്രയിലെ മലാഡ് വെസ്റ്റിലെ മൽവാനിയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മകൻ സുഹൃത്തിനൊപ്പം കളിക്കുന്നത് കാണാതെ വന്നതോടയാണ് കുട്ടിയുടെ അമ്മ മകനെ അന്വേഷിക്കാൻ ആരംഭിച്ചത്. അഞ്ച് വയസുകാരന്റെ ഉറ്റ സുഹൃത്തിന്റെ അമ്മയും ചേർന്നാണ് കുഞ്ഞിനെ അന്വേഷിച്ച് തുടങ്ങിയത്.
ഇതിനിടയിൽ ഒപ്പം കൂടിയവരിൽ ചില കുട്ടികളാണ് കുട്ടിയെ ടെറസിലേക്ക് പോയതായി കണ്ടെന്ന് സൂചിപ്പിച്ചത്. ഇതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഉറ്റസുഹൃത്ത് അഞ്ച് വയസുകാരനെ തുറന്ന് കിടന്ന ടാങ്കിനുള്ളിൽ കണ്ടെത്തിയത്. കുട്ടി ബഹളം വച്ചതോടെ മുതിർന്നവരെത്തി അഞ്ച് വയസുകാരനെ പുറത്ത് എത്തിക്കുകയായിരുന്നു. ഉടനടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അയൽവാസിയുടെ ടെറസിലെ ടാങ്ക് മൂടിയിരുന്നില്ല. ഇത് മൂടിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. ഇതിന് പിന്നാലെ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഇതിനും മുൻപും കുട്ടികൾ ടെറസിലെത്തി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇക്കാര്യം അയൽവാസികളോട് സൂചിപ്പിച്ചിരുന്നതായും അഞ്ച് വയസുകാരന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. പ്രവാസിയാണ് അഞ്ച് വയസുകാരന്റെ പിതാവ്.
കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ളതിനാൽ ടാങ്കിൽ വെള്ളം നിറയ്ക്കുമ്പോൾ സ്ഥിരമായി ടാങ്ക് നിരീക്ഷിച്ചിരുന്നുവെന്നും ഇത് എളുപ്പമാക്കാനായി ടാങ്ക് മൂടാതെ സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് അയൽവാസികൾ വിശദമാക്കുന്നത്. എന്നാൽ കുട്ടി എങ്ങനെയാണ് ടാങ്കിനുള്ളിൽ എത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മരണകാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി അയച്ചിരിക്കുകയാണ്.