ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:45ഓടെ പുല്‍വാമ ജില്ലയിലെ രാജ്പോറ മേഖലയിലാണ് മുകേഷ് സിംഗ് എന്നയാള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കശ്മീര്‍ സോണ്‍ പോലീസ് മരണം സ്ഥിരീകരിച്ചത്. ‘പുല്‍വാമയിലെ തുംചി നൗപോര മേഖലയില്‍ യുപിയില്‍ നിന്നുള്ള മുകേഷ് എന്ന ഒരു തൊഴിലാളിക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി. കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടും’ എക്സ് പോസ്റ്റില്‍ പറയുന്നു.
പ്രദേശത്ത് പോലീസ് സേനയെ വിന്യസിക്കുകയും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നതിനാല്‍ അവിടം പൂര്‍ണമായും അടയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീര്‍ താഴ്വരയില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ശ്രീനഗറിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ നാട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെയും തീവ്രവാദികള്‍ വെടിയുതിര്‍ത്തിരുന്നു.
മസ്റൂര്‍ അഹമ്മദ് വാനി എന്ന ഉദ്യോഗസ്ഥനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മൂന്ന് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ കൊണ്ടത്. ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed