കാനഡ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന സൂചന നൽകി ഭരണ ലിബറൽ പാർട്ടിയുടെ നിരവധി എം പിമാർ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടു. ഉപപ്രധാന മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് തിങ്കളാഴ്ച്ച രാജി വച്ചത്തോടെയാണ് പുതിയ പ്രതിസന്ധി രൂപം കൊണ്ടത്.രാജി ആവശ്യം നിരസിക്കുന്ന പതിവുള്ള ട്രൂഡോ ഇക്കുറി എം പി മാരോട് ആലോചിക്കാൻ സമയം വേണമെന്നാണ് പറഞ്ഞത്. ഫ്രീലാൻഡിന്റെ രാജിയെ തുടർന്നു ട്രൂഡോ എം പിമാരെ വിളിച്ചു കൂട്ടിയപ്പോൾ 15 പേരെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ വിമർശിച്ചെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയുടെ ഉത്പന്നങ്ങൾക്കു തീരുവ ചുമത്തുമെന്നു പ്രഖ്യാപിച്ചതാണ് ട്രൂഡോയും ധനമന്ത്രി കൂടി ആയിരുന്ന ഫ്രീലാൻഡുമായി ഭിന്നത ഉണ്ടാക്കിയ വിഷയം. ഫ്രീലാൻഡിന്റെ രാജിക്കു പിന്നാലെ ലിബറൽ പാർട്ടിയിലെ 150 എം പിമാരിൽ  ട്രൂഡോയെ എതിർക്കുന്നവരുടെ എണ്ണം 60 ആയി ഉയർന്നുവെന്നു കനേഡിയൻ മാധ്യമങ്ങൾ പറയുന്നു.
പ്രതിപക്ഷ കൺസർവേറ്റിവ് പാർട്ടിക്ക് ലിബറൽസിനേക്കാൾ 20% ലീഡുണ്ട് സർവേകളിൽ. ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ  പോലുള്ള നയമാണ് കൺസർവേറ്റിവ് നേതാവ് പിയറി പൊളിവർ ഉയർത്തിപ്പിടിക്കുന്നത് — മേക്ക് കാനഡ ഗ്രേറ്റ് എഗൈൻ.ട്രംപിന്റെ പ്രഖ്യാപനത്തെ ചൂണ്ടി ഫ്രീലാൻഡ് പറഞ്ഞു: “നമ്മുടെ രാജ്യം ഗൗരവമായ വെല്ലുവിളിയാണ് നേരിടുന്നത്. ആഴ്ചകളായി കാനഡയുടെ ഭാവിയെ കുറിച്ച് പ്രധാനമന്ത്രിക്കും എനിക്കും ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്.”  ട്രംപിന്റെ ഭീഷണി അങ്ങേയറ്റം ഗൗരവമായി കാണണം എന്നാണ് അവർ പറഞ്ഞത്. കാനഡയുടെ കയറ്റുമതിയിൽ 75% പോകുന്നത് യുഎസിലേക്കാണ്. ലിബറൽ പാർട്ടിയെ തുണയ്ക്കുന്ന എൻ ഡി പിയും ട്രൂഡോയുടെ രാജി ആവശ്യപ്പെടുന്നു. അവരുടെ നേതാവ് ജഗ്‌മീത് സിംഗ് പറയുന്നത് അവിശ്വാസ പ്രമേയം വന്നാൽ അതിനെ തുണയ്ക്കാൻ മടിക്കില്ല എന്നാണ്. ഫ്രീലാൻഡുമായി പഴയ  കണക്കുകൾ തീർക്കാനുള്ള ട്രംപ് ഈ അവസരം ഉപയോഗിച്ച് അവരെ പരിഹസിക്കുമ്പോഴും കാനഡ യുഎസിന്റെ ഭാഗമാണെന്ന മട്ടിൽ സംസാരിച്ചു: “ഗവർണർ ജസ്റ്റിൻ ട്രൂഡോ മഹത്തായ കനേഡിയൻ സമാധാനത്തിന്റെ ധനമന്ത്രിയെ പിരിച്ചു വിട്ടു ”  എന്നാണദ്ദേഹം ട്രൂത് സോഷ്യലിൽ എഴുതിയത്.
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *