മോസ്കോ: സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് മരിച്ചിട്ടില്ലെന്നതിനു സ്ഥിരീകരണം. റഷ്യയില്‍ അഭയം തേടിയ അസദ്, ആദ്യമായി പരസ്യ പ്രസ്താവനയും പുറത്തിറക്കി.
സിറിയയില്‍ നിന്ന് ആസൂത്രിതമായി രക്ഷപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ അസദ് തള്ളി. ഭരണകൂടം തീവ്രവാദത്തിന്റെ കൈകളില്‍ അകപ്പെടുകയും അര്‍ഥവത്തായ സംഭാവന നല്‍കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ ഏത് സ്ഥാനവും ലക്ഷ്യരഹിതമാകുമെന്നുമാണ്് വിശദീകരണം.
സിറിയയില്‍ നിന്ന് അസദിനെ മോസ്കോയിലെത്തിക്കാന്‍ ചെലവായത് ഏതാണ്ട് 250 മില്യണ്‍ ഡോളറാണെന്നും, ഇതു മുടക്കിയത് സിറിയന്‍ സര്‍ക്കാരിന്റെ ഖജനാവില്‍നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രണ്ടുവര്‍ഷം കൊണ്ടാണ് ഇത്രയും തുകയുടെ ഇടപാടുകള്‍ നടന്നതെന്നാണ് സൂചന.
അസദിന്റെ ഭരണ കാലത്ത് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വര്‍ഷത്തിനിടെ മോസ്കോയിലേക്ക് ഏകദേശം 25 കോടി ഡോളര്‍ (ഏകദേശം 2120 കോടി രൂപ) പണമായി അയച്ചെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. രണ്ട് ടണ്ണോളം ഭാരംവരുന്ന നോട്ടുകളാണ് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് മോസ്കോയിലെ നുകോവോ വിമാനത്താവളത്തിലേക്ക് അയച്ചത്. നൂറിന്റെ ഡോളര്‍ നോട്ടുകളും അഞ്ഞൂറിന്റെ യൂറോ നോട്ടുകളുമായിരുന്നു ഇതില്‍. പാശ്ചാത്യ രാജ്യങ്ങളുടെ വിലക്ക് നേരിടുന്ന ഒരു റഷ്യന്‍ ബാങ്കില്‍ ഈ പണം നിക്ഷേപിച്ചതായാണ് സൂചന.
2018ലും 2019ലുമാണ് ഈ ഇടപാടുകളത്രയും നടന്നിരിക്കുന്നത്. ഇക്കാലയളവില്‍ അസദിന്റെ ബന്ധുക്കള്‍ റഷ്യയില്‍ സ്വത്തുവകകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.