ദോഹ: മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം റയൽ മഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്. ദോഹയിൽ നടന്ന പുരസ്കാര ചടങ്ങിലാണ് 2024ലെ മികച്ച താരമായി 24കാരനായ താരത്തെ തെരഞ്ഞെടുത്തത്.
11 പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ബാലൺ ഡി ഓർ പുരസ്കാര ജേതാവ് മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി, റയൽ മഡ്രിഡിന്റെ കിലിയൻ എംബാപ്പെ, എർലിങ് ഹാളണ്ട് എന്നിവരെ പിന്തള്ളിയാണ് വിനീഷ്യസ് കരിയറിൽ ആദ്യമായി ഫിഫ ബെസ്റ്റ് പുരസ്കാരത്തിന് അവകാശിയായത്.
മികച്ച വനിതാ താരത്തിനുള്ള അവാർഡ് ബാഴ്സലോണയുടെ സ്പാനിഷ് താരം ഐതാന ബോൻമാതി സ്വന്തമാക്കി.
ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അയലാന്ദ്രോ ഗർണാച്ചോ എവർട്ടനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ നേടിയ ഗോൾ സ്വന്തമാക്കി.
വനിതാ വിഭാഗത്തിലെ മികച്ച ഗോളിനായി ഏർപ്പെടുത്തിയ പ്രഥമ ‘ഫിഫ മാർത പുരസ്കാരം’ ബ്രസീലിന്റെ മാർതക്ക് ലഭിച്ചു.