സിറിയയിലെ ഇടക്കാല പ്രധാനമന്ത്രി മൊഹമ്മദ് അൽ ബഷീർ ഇക്കഴിഞ്ഞ ഡിസംബർ 10 നു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹത്തിനുപിന്നിൽ രണ്ടു പതാക കാണാവുന്നതാണ്. 
ഒന്ന് ഹായാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) ഗ്രൂപ്പിന്റേതും രണ്ടാമത്തേത് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഉപയോഗിക്കുന്നതായ വെളുത്ത പതാകയിൽ കറുത്ത അക്ഷരങ്ങളിൽ മുസ്ലീങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണമായ ‘കൽമ തയ്യബ ‘ എഴുതപ്പെട്ടതുമാണ്.

അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തശേഷം താലിബാൻ ഉയർത്തിയ പതാക.
ഈ പത്രസമ്മേളനത്തിൽ കാണപ്പെട്ട വെളുത്ത പതാക എച്ച്ടിഎസ് തങ്ങൾ കീഴടക്കിയ സിറിയയിലെ എല്ലാ നഗരങ്ങളിലും ഉയർത്തിയിട്ടുണ്ട്. 

2021 ൽ അഫ്ഗാനിസ്ഥാനിൽ രണ്ടാമത് അധികാരം കയ്യാളിയപ്പോൾ താലിബാൻ ഉയർത്തിയ അതേ പതാകയാണ് ഇത്.

ദമസ്‌ക്കസ് പിടിച്ചെടുത്തശേഷം എച്ച്ടിഎസ് ഗ്രൂപ്പ് തലവൻ അബു മൊഹമ്മദ് അൽ ജൂലാനി നടത്തിയ പ്രഖ്യാപനത്തിൽ തങ്ങളുടെ സർക്കാർ, ന്യൂനപക്ഷങ്ങളും പ്രതിപക്ഷവുമുൾപ്പടെ എല്ലാവർക്കും തുല്യ അവകാശവും തുല്യനീതിയും ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു.

അഫ്‌ഗാനിസ്ഥാനിലെ എല്ലാ സർക്കാർ സ്ഥാപന ങ്ങളിലും ഇപ്പോൾ ഈ പതാകയാണ് ഉയർത്തിയിരിക്കുന്നത്‌.
എന്നാൽ ഇടക്കാല പ്രധാനമന്ത്രിയുടെ പത്രസമ്മേളനത്തിൽ ഈ പതാക കാണപ്പെട്ടതോടെ ഒട്ടുമിക്ക സിറിയൻ ജനങ്ങളും ആശങ്കയിലാണ്. താലിബാൻ മോഡൽ ഭരണത്തിനുകീഴിൽ തങ്ങൾ അകപ്പെടുമോ എന്ന ഭീതി അവർക്കെല്ലാമുണ്ട്.

സർവ്വോപരി എച്ച്ടിഎസ് സിറിയ പിടിച്ചടക്കിയതിൽ ഏറ്റവും കൂടുതൽ ആഹ്ളാദപ്രകടനങ്ങൾ നടക്കുന്നത് ഇപ്പോൾ അഫ്ഗാനിസ്ഥാനിലാണ്. 

കാബൂളിലും കാണ്ടഹാറിലുമൊക്കെ വലിയതോതിൽ ആഘോഷങ്ങൾ നടന്നു. അഫ്‌ഗാനിസ്ഥാനിലേതുപോലെ സിറിയയിലും ശരിയത്തിൽ അധിഷ്ഠിതമായ ഇസ്ലാമിക ഭരണമാണ് വരാൻ പോകുന്നതെന്ന് കഴിഞ്ഞദിവസം കാബൂളിൽ താലിബാൻ വക്താവ് അറിയിക്കുകയുണ്ടായി.

എച്ച്ടിഎസ് തലവൻ ജൂലാനി പ്രഖ്യാപനം നടത്തുന്നു.
തങ്ങൾ ഏറെ സഹിച്ചുവെന്നും അരാജകതയുടെ മറ്റൊരു ഇരുണ്ട യുഗത്തിലേക്ക് പോകാൻ സിറിയൻ ജനത ആഗ്രഹിക്കുന്നില്ലെന്നും പ്രശസ്ത സിറിയൻ മാദ്ധ്യമപ്രവർത്തകൻ നിദാൽ അൽ അമ്മാരി എക്സിൽ കുറിച്ചു.
സിറിയയിലെ രാഷ്ട്രീയ നിരീക്ഷകൻ താഹം അൽ തമ്മീമിയുടെ അഭിപ്രായം “സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന സിറിയൻ ജനത താലിബാൻ മോഡൽ ഭരണവ്യവസ്ഥ ഒരു കാരണവശാലും അംഗീകരിക്കില്ല”. 

“ഈ പതാക കണ്ടു പരിഭ്രാന്തകേണ്ട കാര്യമില്ല. എച്ച്ടിഎസ് സിറിയയിലെ സുന്നികളുടെ പ്രതിനിധികളാണ്. അവർക്ക് താലിബാൻ മോഡൽ അംഗീകരിക്കാൻ കഴിയില്ല “എന്നാണ്.

സിറിയയിൽ എന്തൊക്കെയാണ് ഇനി സംഭവിക്കുക എന്നതാണ് ലോകം വളരെ കൗതുകത്തോടെ നോക്കി ക്കാണാൻ പോകുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *