ഹെഡിന് പിന്നാലെ സ്മിത്തിനും സെഞ്ചുറി, ബുമ്രയുടെ ട്രിപ്പിൾ സ്ട്രൈക്ക്; ബ്രിസ്ബേനില്‍ ഇന്ത്യ തിരിച്ചുവരുന്നു

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് മികവില്‍ ഇന്ത്യ തിരിച്ചുവരുന്നു. സെഞ്ചുറികളുമായി തകര്‍ത്തടിച്ച് ട്രാവിസ് ഹെഡിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും ബാറ്റിംഗ് മികവില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ ബുമ്രയുടെ ട്രിപ്പിള്‍ സ്ട്രൈക്കിലാണ് രണ്ടാം ദിനം ഇന്ത്യ പിടിച്ചു നിര്‍ത്തിയത്. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനെ(101) രണ്ടാം ന്യൂബോള്‍ എടുത്തശേഷം ആദ്യം സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളിലെത്തിച്ച ബുമ്ര പിന്നീട് ഒരോവറില്‍ മിച്ചല്‍ മാര്‍ഷിനെയും(5), ട്രാവിസ് ഹെഡിനെയും(152) പുറത്താക്കി 316-3 എന്ന ശക്തമായ നിലയിലായിരുന്ന ഓസീസിനെ 327-6ലേക്ക് തള്ളിയിട്ടു.

ഹെഡിനെ പൂട്ടാന്‍ വഴിയറിയില്ല, രോഹിത്തിന്‍റെ ക്യാപ്റ്റൻസിക്കെതിരെ രൂക്ഷ വിമ‌ശനവുമായി മുന്‍ താരങ്ങളും ആരാധകരും

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 14 റണ്‍സോടെ അലക്സ് ക്യാരിയും എട്ട് റണ്‍സോടെ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സുമാണ് ക്രീസില്‍. ഇന്ത്യക്കായി ബുമ്ര 72 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സിറാജിനും ആകാശ് ദീപിനും വിക്കറ്റൊന്നും നേടാനായില്ല. നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് ഒരു വിക്കറ്റ്.

നേരത്തെ രണ്ടാം ദിനം ആദ്യ സെഷനില്‍ ഉസ്മാന് ഖവാജയെയും(20), നഥാന്‍ മക്സ്വീനിയെയും(9), മാര്‍നസ് ലാബഷെയ്നിനെയും(12) പുറത്താക്കി 75-3 എന്ന സ്കോറില്‍ ഓസീസിനെ പ്രതിരോധത്തിലാക്കിയെങ്കിലും അഡ്‌ലെയ്ഡില്‍ നിര്‍ത്തിയേടത്തു നിന്ന് തുടങ്ങിയ ട്രാവിസ് ഹെഡും ഫോമിലേക്ക് മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്തും ചേര്‍ന്ന് കളി ഇന്ത്യയുടെ കൈയില്‍ നിന്ന് തട്ടിയെടുത്തു. ഹെഡിനെ ഒരിക്കല്‍ പോലും സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായില്ല. തുടക്കത്തില്‍ പതറിയ സ്മിത്താകട്ടെ ഹെഡില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് അര്‍ധസെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷയറ്റു.

114 പന്തില്‍ ഹെഡ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയിലെത്തിയപ്പോള്‍ 185 പന്തിലാണ് സ്മിത്ത് ഇന്ത്യക്കെതിരായ പത്താമത്തെയും കരിയറിലെ 34-ാമത്തെയും ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന ജോ റൂട്ടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും സ്മിത്തിനായി. സെഞ്ചുറിക്ക് പിന്നാലെ 241 റണ്‍സ് കൂട്ടുകെട്ട് തകര്‍ത്ത് ന്യൂബോളില്‍ ബുമ്ര സ്മിത്തിനെ മടക്കി. സ്മിത്ത് പുറത്തായശേഷം 157 പന്തില്‍150 തികച്ച ഹെഡിനെ വീഴ്ത്തിയ ബുമ്രയാണ് ഇന്ത്യക്ക് രണ്ടാം ദിനം ആശ്വസിക്കാനുള്ള വക നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin