സിറാജുമായി കോർത്ത് ലാബുഷെയ്ൻ, സിറാജ് മാറ്റിയ ബെയിൽസെടുത്ത് വീണ്ടും മാറ്റി; പിന്നാലെ നിതീഷിന്‍റെ പന്തിൽ പുറത്ത്

ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഗ്രൗണ്ടില്‍ കൊമ്പുകോര്‍ത്ത് ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്നും ഇന്ത്യയുടെ മുഹമ്മദ് സിറാജും. ഉസ്മാന്‍ ഖവാജ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ലാബുഷെയ്ന്‍ പതിവുപോലെ പതുക്കെയാണ് തുടങ്ങിയത്. ഖവാജക്ക് പിന്നാലെ നഥാന്‍ മക്സ്വീനി കൂടി പുറത്തായതോടെ ഓസീസ് പ്രതിരോധത്തിലായി.

മോശം ഫോമിന്‍റെ പേരില്‍ വിമ‍ർശനം ഏറ്റുവാങ്ങിയ ലാബുഷെയ്ന്‍ ഇതോടെ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതിനിടെ മുഹമ്മദ് സിറാജുമായി പലപ്പോഴും ലാബുഷെയ്ന്‍ കൊമ്പുകോര്‍ക്കുകയും ചെയ്തു. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റെടുത്തശേഷം നടത്തിയ ആഘോഷത്തിന്‍റെ പേരില്‍ ഇന്നലെ ബ്രിസ്ബേനിലെ കാണികള്‍ സിറാജിനെ കൂവിയിരുന്നു. എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു സിറാജ് മാര്‍നസ് ലാബുഷെയ്നിനെ പ്രകോപിപ്പിച്ചത്.

ബ്രിസ്ബേനില്‍ ഇന്ത്യൻ തിരിച്ചടി,ഓസീസിന് 3 വിക്കറ്റ് നഷ്ടം; ഭീഷണിയായി ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും ക്രീസിൽ

ഇതിനിടെ ലാബുഷെയ്നിനെതിരെ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് സ്ട്രൈക്കിംഗ് എന്‍ഡിലെത്തി സ്റ്റംപിലെ ബെയില്‍സ് പരസ്പരം മാറ്റിവെച്ച് വീണ്ടും ലാബുഷെയ്നിനെ പ്രകോപിപ്പിച്ചു. സിറാജ് ബെയില്‍സ് മാറ്റിവെക്കുന്നതിനിടെ ഒരു ബെയില്‍ താഴെ വീണപ്പോള്‍ സഹായിച്ച ലാബുഷെയ്ന്‍ സിറാജ് ബെയിൽസ് പരസ്പരം മാറ്റിവെച്ച് മടങ്ങിയതിന് പിന്നാലെ ബെയില്‍സുകളെടുത്ത് വീണ്ടും പഴയതുപോലെ വെച്ചു. ബൗളിംഗ് എന്‍ഡിലേക്ക് തിരിച്ചു നടക്കുകയായിരുന്ന സിറാജ് പക്ഷെ ഇത് കണ്ടില്ല.

എന്നാല്‍ സിറാജിന്‍റെ പ്രകോപനം വൈകാതെ ഫലം കണ്ടു. സ്വന്തം സ്കോറിനോട് രണ്ട് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത ലാബുഷെയ്ന്‍ 12 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി മടങ്ങി. ലാബുഷെയ്നിന്‍റെ ക്യാത്തെടുത്തശേഷം സിറാജിനെ കൂവിയ ഓസ്ട്രേിലയന്‍ കാണികളെ നോക്കി നിശബ്ദരാകു എന്ന് ആംഗ്യം കാണിച്ചാണ് വിരാട് കോലി ആഘോഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin