ഹൈദരാബാദ്: സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. താന്‍ നിയമത്തെ മാനിക്കുന്നുവെന്നും അധികാരികളുമായി പൂര്‍ണമായും സഹകരിക്കുമെന്നും ശനിയാഴ്ച ജയില്‍ മോചിതനായ ശേഷം താരം പ്രതികരിച്ചു.
ഹൈദരാബാദ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ അല്ലു അര്‍ജുന്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. താരത്തിന്റെ ആരാധകര്‍ വീടിന് പുറത്ത് തടിച്ചുകൂടിയിരുന്നു.
ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല, ഞാന്‍ സുഖമായിരിക്കുന്നു, ഞാന്‍ നിയമം അനുസരിക്കുന്ന പൗരനാണ്, അന്വേഷണത്തോട് സഹകരിക്കുമെന്നും താരം പറഞ്ഞു
ഇത് തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും ബുദ്ധിമുട്ടുള്ള സമയമാണെന്നും തന്റെ അഗ്‌നിപരീക്ഷയില്‍ തന്റെ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായും താരം പറഞ്ഞു.
ഒരു സ്ത്രീയുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായ തിക്കിലും തിരക്കിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു, ഇത് മനഃപൂര്‍വമല്ലാതെ നടന്ന അപകടമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തോട് ഒരിക്കല്‍ കൂടി അനുശോചനം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു അത്. അങ്ങനെ സംഭവിച്ചതില്‍ ഞങ്ങള്‍ ഖേദിക്കുന്നു, അല്ലു അര്‍ജുന്‍ പറഞ്ഞു.