തിരുവനന്തപുരം: സുപ്രീം കോടതി നിബന്ധനകള്‍ക്ക് വിധേയമായാണ് മാടായി കോളേജിലെ നിയമനം നടത്തിയതെന്ന് എംകെ രാഘവന്‍ എംപി.
മാടായി കോളേജിലെ നിയമനത്തില്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് സര്‍ക്കാര്‍ നിദേശപ്രകാരമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വ്യക്തമാക്കി
നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല. താന്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘മാടായി കോളേജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തന്റെ 29ാമത്തെ വയസില്‍ താന്‍ മുന്‍കൈയെടുത്താണ് കോളേജ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയത്. ഏഴ് മാസം മുന്‍പാണ് താന്‍ ഒടുവില്‍ കോളേജ് ചെയര്‍മാനായത്.
താത്പര്യമില്ലെന്ന് ഒഴിഞ്ഞുമാറിയിട്ടും നിര്‍ബന്ധിച്ച് തന്നെ ഏല്‍പ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തത്. 4 അനധ്യാപക തസ്തികകളിലേക്കാണ് കോളേജില്‍ നിയമനം നടത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്
ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡര്‍, കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റന്‍ഡര്‍ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തതാണ്.
സുപ്രീം കോടതി നിര്‍ദേശം പാലിച്ചാണ് ഈ പോസ്റ്റില്‍ നിയമനം നടത്തി. അന്ധരായ അപേക്ഷകരില്ലാത്തതിനാല്‍ ബധിരനായ ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു.’ എം കെ രാഘവന്‍ വിശദീകരിച്ചു.
ആളുകളെ ഇളക്കി വിടുന്നതിന് പിന്നിൽ കോൺഗ്രസാണോയെന്ന് അദ്ദേഹം ചോദിച്ചു. തൻ്റെ കോലം കത്തിച്ചത് തന്നെ കത്തിക്കുന്നതിന് തുല്യമാണ്
കോൺഗ്രസുകാർ തന്നെയാണ് അത് ചെയ്തത്. സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിൽ. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും തൻ്റെ കൈകൾ പരിശുദ്ധമെന്നും വികാരാധീനനായി എംകെ രാഘവൻ പറഞ്ഞു.