തൊടുപുഴ : തൊടുപുഴയില്‍ പുതിയ കേന്ദ്രീയ വിദ്യാലയത്തിന് കേന്ദ്ര സര്‍ക്കാര്‍ കാബിനറ്റ് തീരുമാനം നല്‍കിയതായി ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 85 വിദ്യാലയങ്ങളില്‍ കേരത്തിലെ ഏക കേന്ദ്രീയ വിദ്യാലയം തൊടുപുഴയിലാണ്.
തൊടുപുഴ മ്രാലയില്‍ ആണ് പുതിയ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നത്. ഇവിടെ 8 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് വരെ താല്‍ക്കാലിക സംവിധാനത്തിലായിരിക്കും തുടക്കത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനായി തൊടുപുഴ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധിക ക്ലാസ് മുറികളും മറ്റു താത്കാലിക സൗകര്യങ്ങളും സജ്ജികരിക്കും. 3 അധിക ക്ലാസ് മുറികള്‍, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം ശുചിമുറികള്‍, ക്ലാസ് മുറികളെ വേര്‍തിരിക്കുന്ന താല്‍ക്കാലിക സംവിധാനങ്ങളും ഒരുക്കും.
ഇവിടെ കേന്ദ്രീയ വിദ്യാലയ സംഘതന്‍ മാനദണ്ഡ പ്രകാരം അഗ്നി സുരക്ഷ സജ്ജികരണങ്ങളും ഒരുക്കേണ്ടി വരും. മ്രാലയിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളും. രാജ്യാന്തര നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോടെയാകും മ്രാലയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
2022ലാണ് തൊടുപുഴയില്‍ കേന്ദ്രീയ വിദ്യാലയത്തിനായി ശ്രമം തുടങ്ങിയത്. ചലഞ്ച് മെത്തേഡ് പോളിസിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ വിദ്യാലയം അനുവദിച്ചത്. പദ്ധതിക്കായി ആദ്യമേ തന്നെ സ്ഥലം കണ്ടെത്തി നല്‍കണം. പദ്ധതി അനുവദിച്ചു കഴിഞ്ഞാല്‍ താല്‍ക്കാലിക സംവിധാനവും ഒരുക്കണം. ഇത്തരം നിബന്ധനകള്‍ പാലിച്ചാണ് പദ്ധതിക്ക് അനുമതി നേടിയെടുത്തത്.
തൊടുപുഴ സ്കൂളില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയും ഇതിനിടെ ലഭ്യമാക്കി. കേന്ദ്രീയ വിദ്യാലയം സംഘതന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും താല്‍ക്കാലിക സ്കൂള്‍ കെട്ടിടത്തിന് അനുമതി നല്‍കുകയും ചെയ്തു.
വിദ്യാലയം അനുവദിക്കപ്പെട്ടാല്‍ ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളും എംപി എന്ന നിലയില്‍ കേന്ദ്രീയ വിദ്യാലയം സംഘതനെ ബോധ്യപ്പെടുത്തി.
എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് പദ്ധതി അനുവദിക്കപ്പെട്ടതെന്ന് എംപി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പ്രത്യേകം നന്ദി അറിയിക്കുന്നു.പി.ജെ ജോസഫ് എംഎല്‍എയും , മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റും പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്കി.
ജില്ല കളക്ടര്‍മാരും മറ്റു റവന്യു ഉദ്യോഗസ്ഥരും പദ്ധതി യഥാര്ഥ്യമാകുന്നതിനായി ഏറെ പരിശ്രമിച്ചെന്നും എംപി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സജ്ഞയ്കുമാര്‍ ഐഎഎസ്, കേന്ദ്രിയ വിദ്യാലയം സംഘടന്കമ്മീഷണര് ഉള്‍പ്പടെ ഉദ്യോഗസ്ഥര്‍, കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍, സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് ഐഎഎസ് ഡയറക്ടറായിരുന്ന ജീവന് ബാബു ഐഎഎസ് എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ഇടുക്കിയില്‍ പൈനാവിനു പുറമെ രണ്ടാം കേന്ദ്രീയ വിദ്യാലയം അനുവദിക്കപ്പെടുമ്പോള്‍ പ്രത്യേകിച്ച് തൊടുപുഴ മേഖലയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന രീതിയില്‍ പഠനത്തിനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംപി പറഞ്ഞു.
ഒരു ഡിവിഷനില്‍ 32 സീറ്റുകളാണ് ഇവിടെ അനുവദിക്കുന്നത്. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം 63 തസ്തികകള്‍ പുതിയതായി ആരംഭിക്കുന്ന കേന്ദ്രീയ വിദ്യാലയത്തില്‍ സര്‍ക്കാര്‍ അനുവദിക്കും.
പിഎം ശ്രീ സ്കൂള്‍ എന്ന വിശേഷണത്തോടെയാണ് പുതിയ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നവീനമായ പഠന രീതികളും ഗുണനിലവാരമുള്ള അധ്യാപനവും മികച്ച ഭൗതിക അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളുടെ പ്രത്യേകതകളാണ്.
1962 നവംബറിലാണ് കേന്ദ്രീയ വിദ്യാലയം പദ്ധതിക്ക് അന്നത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍, പ്രതിരോധ വകുപ്പ് ജീവനക്കാരുടെ മക്കള്‍ക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ പിന്നീട് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്രീയ വിദ്യാലങ്ങളില്‍ പ്രവേശനം നല്കി തുടങ്ങി.