കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) യുടെ സംരംഭമായ മാറ്റര്‍ ലാബിന് ആയിരത്തോളം അംഗീകൃത ടെസ്റ്റുകള്‍ നടത്താനുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോഡി ഫോര്‍ ലബോറട്ടറീസിന്‍റെ (എൻഎബിഎല്‍) അംഗീകാരം ലഭിച്ചു.
നിർമാണ പ്രവർത്തനങ്ങള്‍ക്കാവശ്യമായ നിരവധി അംഗീകൃത മെറ്റീരിയല്‍ ടെസ്റ്റിംഗ് സേവനങ്ങള്‍ കാര്യക്ഷമതയോടെ ലഭ്യമാക്കുവാൻ ഇപ്പോള്‍ മാറ്റര്‍ ലാബിന് കഴിയും. 2022-ല്‍ സ്ഥാപിതമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ പരിശോധനാ ലബോറട്ടറിയായ മാറ്റര്‍ ലാബിന് നടത്താൻ കഴിയുന്ന അംഗീകൃത ടെസ്റ്റുകളുടെ എണ്ണം 100-ല്‍ നിന്ന് 1000 ത്തോളമായി വർധിച്ചു.
സിവില്‍ എൻജിനീയറിംഗിന്‍റെ അടിത്തറയാണ് മെറ്റീരിയല്‍ ടെസ്റ്റിംഗ്. നിർമാണങ്ങളുടെ ശക്തിയും ദീർഘായുസും ഉറപ്പാക്കുന്ന നിർണായക പ്രക്രിയയാണ് മെറ്റീരിയല്‍ ടെസ്റ്റിംഗ്. ഐഎസ്ഒ 17025:2017 നിലവാരത്തിലുള്ള എൻഎബിഎല്‍ അംഗീകൃത ടെസ്റ്റിംഗ് ലബോറട്ടറി ആയ മാറ്റര്‍ ലാബിൽ നിക്ഷ്പക്ഷത, രഹസ്യാത്മകത, സമഗ്രത എന്നിവയ്ക്ക് പ്രധാന്യം നൽകിയാണ് റിപ്പോർട്ടുകള്‍ തയാറാക്കുന്നത്.
നിർമാണങ്ങളുടെ സമഗ്രത, ഈട്, സുരക്ഷ എന്നിവ ഉറപ്പാക്കുന്നത് മെറ്റീരിയല്‍ ടെസ്റ്റിംഗിലൂടെയാണ്. കോണ്‍ക്രീറ്റ് വിശകലനം ചെയ്യുന്നത് മുതല്‍ മണ്ണിന്‍റെ ഗുണങ്ങള്‍ വിലയിരുത്തുന്നത് വരെ, നിർമാണത്തിന്‍റെ ഓരോ ഘട്ടത്തിലും കൃത്യമായ പരിശോധനകള്‍ നടക്കുന്നുണ്ട്. നൂറു ടെസ്റ്റുകളില്‍ നിന്ന് ഇപ്പോള്‍ ആയിരത്തോളം അംഗീകൃത ടെസ്റ്റുകളായി മാറ്റർ ലാബിന്‍റെ സാധ്യതകള്‍ വിപുലീകരിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ടന്ന് യുഎൽസിസിഎസ് മാറ്റര്‍ ലാബ് ജനറല്‍ മാനേജര്‍ ഫ്രെഡി സോമന്‍ പറഞ്ഞു.
ഇത് ഞങ്ങളുടെ വൈദഗ്ധ്യത്തിന്‍റെയും തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡിന്‍റെയും പ്രതിഫലനമാണ്. ഞങ്ങളുടെ കഴിവുകള്‍ക്കുള്ള അംഗീകാരമായി ലഭിച്ച ഈ അക്രഡിറ്റേഷനിൽ എൻഎബിഎലിനോട് നന്ദി പറയുന്നു. ഈ അംഗീകാരത്തിലൂടെ ഉപയോക്താക്കളുടെ പ്രൊജക്‌റ്റുകളെ പിന്തുണയ്ക്കാമെന്നും അവരുടെ സങ്കേതിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണ്ണ്, പാറ, സിമന്‍റ്, ഫ്ളൈ ആഷ്, സ്റ്റീല്‍, വെള്ളം, കോണ്‍ക്രീറ്റ്, കൽപ്പണിക്കുള്ള ബ്ലോക്കുകള്‍, കളിമണ്‍ റൂഫ് ടൈലുകള്‍, തടി, പ്ലൈവുഡ്, സെറാമിക് ടൈലുകള്‍, ടൈല്‍ പശകള്‍, പ്രകൃതി ദത്ത കല്ലുകളായ ഗ്രാനൈറ്റ്, മാർബിള്‍ എന്നിവയും ജിയോ ടെക്സ്റ്റൈൽസ്, തെർമോ പ്ലാസ്റ്റിക് പൈപ്പുകളും ഫിറ്റിംഗുകളും, ജലവിതരണത്തിനുള്ള ഹൈ-ഡെൻസിറ്റി പോളി എഥിലീന്‍ പൈപ്പുകള്‍, ബിറ്റുമെന്‍ തുടങ്ങിയവ ലാബില്‍ പരിശോധിക്കാം. കോണ്‍ക്രീറ്റ്, അസ്‌ഫാള്‍ട്ട് മിക്സ് ഡിസൈനുകള്‍, കോണ്‍ക്രീറ്റ് ഡ്യൂറബിലിറ്റി ടെസ്റ്റുകള്‍, മണ്ണ് പരിശോധന, കോണ്‍ക്രീറ്റ് ഘടനകളുടെ ആരോഗ്യം നിരീക്ഷിക്കല്‍ എന്നിവയ്ക്കൊപ്പം പ്രത്യേക ഫീൽഡ് ടെസ്റ്റുകളും ഇവിടെ നടത്താനാകും.