ഗോരഖ്പൂര്‍: എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ച ബൈക്കിലേക്ക് മറ്റൊരു ബൈക്ക് ഇടിച്ചു കയറി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലയിലാണ് ദാരുണമായ അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി മൊഹദ്ദിപൂര്‍ പവര്‍ സ്റ്റേഷന് സമീപം നടന്ന സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
മൊഹദ്ദിപൂര്‍ ബിജിലി കോളനിയിലെ താമസക്കാരനായ വിക്രാന്ത് (35), ഭാര്യ നികിത (30), മകന്‍ അംഗദ് (5), പെണ്‍മക്കളായ ലാഡോ (1), പാരി എന്നിവരോടൊപ്പം ജതേപൂര്‍ ഉത്തരിയില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കനാല്‍ റോഡിലേക്ക് തിരിയുമ്പോള്‍ ഇവരുടെ ബൈക്ക് കുന്ദ്രഘട്ടില്‍ നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ തമ്മില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നാമത്തെ ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
വിക്രാന്തും പെണ്‍മക്കളും റുസ്തംപൂരിലെ മോനു ചൗഹാന്‍ (32), ബേട്ടിയാഹട്ട ഹനുമാന്‍ മന്ദിര്‍ ഏരിയയിലെ സൂരജ് (28) എന്നിവരുമാണ് മരിച്ചത്.
മോനുവും സൂരജും ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നികിത, അംഗദ്, മൂന്നാമത്തെ മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ ചിന്മയാനന്ദ് മിശ്ര എന്നിവരുടെ നില ഗുരുതരമാണ്. അവര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ജില്ലാ മജിസ്ട്രേറ്റ് കൃഷ്ണ കരുണേഷ്, സീനിയര്‍ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവര്‍ എന്നിവര്‍ അപകടസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച് പരിക്കേറ്റവരുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചു.