ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസില്‍ കാര്‍ ഇടിച്ചുകയറി അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറുടമയ്ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വാഹനയുടമയായ വളഞ്ഞവഴി സ്വദേശി ഷാമില്‍ ഖാനെതിരെയാണ് കേസെടുത്തത്. വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഡിസംബര്‍ രണ്ടിനായിരുന്നു അപകടം. ഷാമില്‍ ഖാന്റെ കാറില്‍ സിനിമ കാണാന്‍ പോകുമ്പോഴാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ വാടകയ്ക്കു നല്‍കിയതല്ലെന്ന ഷാമില്‍ ഖാന്റെ വാദം തെറ്റാണെന്നു പൊലീസും മോട്ടോര്‍വാഹന വകുപ്പും കണ്ടെത്തിയിരുന്നു.
സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത വാഹനം ടാക്‌സി ഓടിക്കാനോ വാടകയ്ക്കു നല്‍കാനോ പാടില്ലെന്നാണു നിയമം. നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഉടമയ്ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. മരിച്ച വിദ്യാര്‍ഥികളിലൊരാളുടെ ബന്ധുവുമായുള്ള സൗഹൃദത്തിന്റെ പേരിലാണു വാഹനം നല്‍കിയതെന്നും വാടകയ്ക്ക് അല്ലെന്നുമായിരുന്നു ഷാമില്‍ ഖാന്റെ വാദം.
വാഹനമോടിച്ച ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഗൗരിശങ്കറിന്റെ അക്കൗണ്ടില്‍ നിന്ന് ഷാമില്‍ഖാന്റെ അക്കൗണ്ടിലേക്ക് വാടകയായ 1,000 രൂപ യുപിഐ ഇടപാടിലൂടെ കൈമാറ്റം ചെയ്തതായി കണ്ടെത്തി. പണം കൈമാറിയതു കണ്ടെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കു വായ്പയായി നല്‍കിയ പണം തിരിച്ചുനല്‍കിയതാണെന്നായിരുന്നു ഷാമില്‍ ഖാന്റെ വാദം. അപകടത്തില്‍ മരിച്ച കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയുടെ ലൈസന്‍സിന്റെ പകര്‍പ്പ് ഷാമില്‍ ഖാന്‍ സംഘടിപ്പിച്ചത് അപകടം നടന്നതിനു ശേഷമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

By admin

Leave a Reply

Your email address will not be published. Required fields are marked *