ഇടുക്കി/തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറുവയസ്സുള്ള പെൺകുഞ്ഞിൻറെ കൊലപാതകക്കേസിൽ പ്രതിയെ രക്ഷിക്കുന്നതിന് സർക്കാർ ബോധപൂർവ്വം പ്രവർത്തിക്കുന്നതായും ഇരയുടെ കുടുംബത്തിനൊപ്പമെന്ന് പറയുകയും അതേ സമയം വേട്ടക്കാരനെ സംരക്ഷിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുന്നതിനായി സർക്കാർ ശ്രമിച്ച് വരുന്നതായും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് 2021 ജൂൺ 30 ന് നടന്ന കൊലപാതകക്കേസിൽ പ്രോസിക്യൂഷനും, പോക്സോ കോടതിക്കും തെറ്റുപറ്റിയതായി പൊതു അഭിപ്രായം ഉണ്ടായിട്ടുള്ളതാണ്.
കേസിൽ പുനരന്വേഷണവും, കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതിയും ലഭ്യമാക്കുന്നതിന് 5 ഇന ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് 16-08-2024 ൽ നൽകിയ കത്തിന് ഇന്നലെ ആഭ്യന്തര അഡീഷണൽ സെക്രട്ടറിയിൽ നിന്നും ലഭിച്ച മറുപടിയിൽ പ്രതിയെ രക്ഷിക്കുന്നതിനായുള്ള ബോധപൂർവ്വമായ ഇടപെടൽ സംശയിക്കേണ്ടിയിരിക്കുന്നു.
സർക്കാർ ഇരയുടെ കുടുംബത്തോട് നീതി കാണിക്കാതെയും കോടതിയിൽ കേസ് പരാജയപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചും എല്ലാ ഉത്തരവാദിത്വവും കോടതിയുടെ തലയിൽ കെട്ടിവയ്ക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് എം.പി പറഞ്ഞു.
പാവപ്പെട്ട തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ന്യായവും മാനുഷികവുമായ ആവശ്യം സർക്കാർ നിഷ്ക്കരുണം തള്ളിക്കളഞ്ഞിരിക്കുന്നതായി എം.പി പറഞ്ഞു.
നിയമവിരുദ്ധമായി കേസിൽ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥനെ കോടതി സ്റ്റേയുടെ മറവിൽ സംരക്ഷിക്കുന്നതായി സംശയം ജനിപ്പിക്കുന്നു. കേസിൻറെ പുനരന്വേഷണം, പ്രതിയുടെ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി എന്നിവ നിരാകരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി.