തിരുവനന്തപുരം: ഇടിച്ച വാഹനം തിരിച്ചറിയാത്ത (ഹിറ്റ് ആൻഡ് റൺ) റോഡപകടങ്ങളിൽ മരിക്കുന്നവരുടെ അവകാശികൾക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് 50,000 രൂപയും കേന്ദ്രപദ്ധതിയനുസരിച്ചു കിട്ടുമെങ്കിലും അപേക്ഷകർ തീരെക്കുറവ്.
രാജ്യത്ത് ഒരുവർഷം ശരാശരി അറുപതിനായിരത്തിലധികം ഹിറ്റ് ആൻഡ് റൺ റോഡപകടങ്ങളുണ്ടാകുന്നുണ്ടെങ്കിലും നഷ്ട പരിഹാരത്തിന് അപേക്ഷിക്കുന്നവർ മൂവായിരത്തോളം മാത്രമാണ്.
ഇതുസംബന്ധിച്ച ബോധവത്കരണത്തിന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുകയാണ്. കേരളത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും അറിയിപ്പെത്തി. പ്രശ്നത്തിൽ സുപ്രീംകോടതി ഇടപെട്ടതിനെത്തുടർന്നാണിത്.
ഹിറ്റ് ആൻഡ് റൺ അപകടമരണവും പരിക്കുമുണ്ടായാൽ അപേക്ഷിക്കേണ്ടതെങ്ങനെ, ഏതൊക്കെ രേഖകളാണു ചേർക്കേണ്ടത്, എങ്ങനെ പണം ലഭിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ബോധവത്കരിക്കേണ്ടത്.
ഇത്തരം അപകടത്തിൽപ്പെടുന്നവർക്ക് എം.എ.സി.ടി (മോട്ടോർ ആക്സിഡൻ്റ്സ് ക്ലെയിംസ് ട്രിബ്യൂ ണൽ) വഴി നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്യാൻ സാധിക്കാത്തതിനാലാണ് ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്സിഡന്റ് സ്ലീം-2022 പ്രകാരം നഷ്ടപരിഹാരം നൽകുന്നത്. ജനറൽ ഇൻഷുറൻസ് കൗൺസിലാണ് പണം നൽകുന്നത്.
അപേക്ഷ എങ്ങനെ ?
hitandrunschemeclaims@ gicouncil.in എന്ന സൈറ്റിലൂടെ മരിച്ചവരുടെ അവകാശികൾക്കും ഗുരതരമായി പരിക്കേറ്റവർക്കും അപേക്ഷിക്കാം. വക്കീൽ വഴിയും അപേക്ഷ നൽകാം. വിശദവിവരങ്ങൾ https://insurance -education/hit-and-run-motor -accidents/ എന്ന ലിങ്കിൽ ലഭി ക്കും.
ആവശ്യമുള്ള രേഖകൾ
തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരം, ചികിത്സാ രേഖകൾ, എഫ്.ഐ.ആറിന്റെ പകർപ്പ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് (മരണം സംഭവിച്ചെങ്കിൽ), മരണസർട്ടിഫിക്കറ്റ് / പരിക്കേറ്റതിന്റെ രേഖ.
നടപടിക്രമം
ഒരു മാസത്തിനുള്ളിൽ അപേക്ഷിക്കണം. അപകടം നടന്ന സ്ഥലം ആർ.ഡി.ഒ. ആണ് അപേക്ഷ പരിശോധിക്കുക. ഇവരുടെ റിപ്പോർട്ടനുസരിച്ച് കളക്ടർ ക്ലെയിം തീർപ്പാക്കും. രേഖകൾ കൃത്യമാണെങ്കിൽ പരമാവധി 30 ദി വസത്തിനുള്ളിൽ പണം അക്കൗണ്ടിൽ ലഭിക്കും.