മുംബൈ: മുന്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയെ തള്ളാതെയും കൊള്ളാതെയുമാണ് ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തെ കൈകാര്യം ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ഒന്നര ആഴ്ച വൈകിയെങ്കിലും ഷിന്‍ഡെയുടെ കടുംപിടുത്തം അയഞ്ഞതുമില്ല, ബിജെപി അദ്ദേഹത്തെ അങ്ങനെയങ്ങ് വകവച്ചുകൊടുത്തതുമില്ല.
ഷിന്‍ഡെയുടെ ആവശ്യം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കുകയെന്നതായിരുന്നു. ബിജെപി അത് തെല്ലും ഗൗനിച്ചില്ല. പക്ഷേ കടുപ്പിച്ച് മറുപടി പറയാതെ ചര്‍ച്ച വലിച്ചുനീട്ടി.
മുഖ്യമന്ത്രി സ്വപ്നം നടക്കില്ലെന്ന് കണ്ടപ്പോള്‍ ഉപമുഖ്യമന്ത്രി പദവിയും ആഭ്യന്തരം ഉള്‍പ്പെടെയുള്ള പവര്‍ഫുള്‍ വകുപ്പുകളും 12 ക്യാബിനറ്റ് പദവികളും എന്നതായി ആവശ്യം. അതിലും ഇതുവരെ ഒരുറപ്പും നല്‍കിയില്ല.
ഒടുവില്‍ രണ്ട് ഡസന്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ എന്ന ആഗ്രഹം ബാക്കിവച്ച് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
അതേസമയം തുടക്കം മുതല്‍ ബിജെപിക്ക് പിന്തുണ നല്‍കിയായിരുന്നു എന്‍സിപി നേതാവ് അജിത് പവാര്‍ നിലപാടെടുത്തത്. ഇതോടെ ഇന്ന് വൈകുന്നേരം വരെ മുഖ്യമന്ത്രിയായിരുന്ന ഏക്നാഥ് ഷിന്‍ഡെ വൈകുന്നേരം മുതല്‍ ദേവേന്ദ്ര ഫഡ്നാവിസ് എന്ന തന്‍റെ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന മുഖ്യമന്ത്രിക്ക് കീഴില്‍ ഉപമുഖ്യമന്ത്രിയായി മാറി.