സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്; ക്രിമിനല്‍ കേസിൽ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴത്തുക കെട്ടിവെക്കേണ്ട

ദില്ലി: ക്രിമിനല്‍ കേസുകളിലെ അപ്പീലിൽ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴത്തുക കെട്ടിവയ്ക്കണമെന്ന ഉപാധി പാടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ബലാത്സംഗ കേസിലെ ശിക്ഷ മരവിപ്പിക്കാന്‍ വിചാരണ കോടതി ഉത്തരവിട്ട 50000 രൂപയുടെ പിഴ കെട്ടി വയ്ക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. പിഴയും ശിക്ഷയുടെ ഭാഗമാണ്. അതുകൊണ്ട് അപ്പീലില്‍ പിഴയും ചോദ്യംചെയ്യപ്പെടുകയാണെന്ന്  സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് മാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. 

ഇടപ്പളിയിലെ ഒരു സ്റ്റുഡിയോയിൽ വെച്ച് യുവതിയെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയാണ് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരന്‍. പത്ത് വര്‍ഷത്തെ കഠിനതടവും 50000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. ഈ വിധിക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഈ കാലയളവില്‍ ശിക്ഷ മരവിപ്പിക്കണമെങ്കില്‍ 50000 രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. അപ്പീലില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് പിഴ ഈടാക്കുന്നത് ക്രിമിനല്‍ നടപടി ചട്ടത്തിന് എതിരാണെന്ന് ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ എം ആര്‍ അഭിലാഷ് വാദിച്ചു. അതിനാല്‍ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴ കെട്ടിവെക്കണമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്നും എം ആർ അഭിലാഷ്  ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവ് ഭേദഗതി ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin