വാഷിംഗ്ടൺ: അമേരിക്കയിലെ മെയ്നിൽ 18 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. റോബർട്ട് കാർഡ് എന്ന അക്രമിയുടെ മൃതദേഹമാണ് അമേരിക്കൻ ഏജൻസികൾ കണ്ടെടുത്തിരിക്കുന്നത്. ഇയാളുടെ ദേഹത്ത് വെടിയേറ്റ പാടുമുണ്ട്. കൂട്ടക്കൊലയ്ക്ക് ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു അമേരിക്കയിലെ മെയ്നിൽ തോക്കുധാരിയായ അജ്ഞാതൻ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്ത് 18 പേരെ കൊലപ്പെടുത്തി എന്ന വാർത്ത വന്നത്. മെയ്നിലെ വിനോദ കേന്ദ്രത്തിലാണ് അക്രമി ആദ്യം കടന്നു കയറി വെടിയുതിർത്തത്. തുടർന്ന് ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവെപ്പ് നടന്നു. വെടിവെപ്പിന് ശേഷം സെമി ഓട്ടോമാറ്റിക് തോക്കുമായി റോബർട്ട് കടന്ന് കളയുകയായിരുന്നു.