കോഴിക്കോട്: താനൂരിലേത് പോലുളള ബോട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ശക്തമായ നിര്‍ദ്ദേശങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചെങ്കിലും ഇത് നടപ്പാക്കാനുളള സംവിധാനങ്ങളോ ജീവനക്കാരോ സംസ്ഥാനത്ത് പരിമിതം. ബോട്ട് പുറപ്പെടുന്ന ഓരോ കേന്ദ്രത്തിലും പോര്‍ട്ട് ഓഫീസര്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടം വേണമെന്നും എല്ലാ യാത്രികരുടെയും വിവരങ്ങള്‍ രജിസ്റ്ററായി സൂക്ഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിര്‍ദ്ദശിക്കുന്നു.
കേന്ദ്ര ഉള്‍നാടന്‍ ജലാഗത നിയമവും ഇതിന്‍റെ ചുവടുപിടിച്ചുളള ചട്ടങ്ങളും നിലവിലുണ്ടെങ്കിലും ഇത് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുളള എന്‍ഫോഴ്മെന്‍റ് വിഭാഗം ഇപ്പോഴുമില്ല. തട്ടേക്കാട്, കുമരകം, തേക്കടി ബോട്ട് ദുരന്തങ്ങള്‍ അന്വേഷിച്ച വിവിധ കമ്മീഷനുകള്‍ ചൂണ്ടിക്കാട്ടിയ ഈ പ്രശ്നം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.
യാനങ്ങളുടെ ഡിസൈന്‍ നിര്‍മാണം തുടങ്ങിയ കാര്യങ്ങളില്‍ മേല്‍നോട്ടം ഉണ്ടാകുന്നില്ല. പരിധിയില്‍ കൂടുതല്‍ ആളെ കയറ്റുകയും ലൈഫ് ജക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
ഈ സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള കര്‍ശന നടപടികള്‍ പോര്‍ട്ട് ഓഫീസര്‍ സ്വീകരിക്കണമെന്നാണ് അമിക്കസ് ക്യൂറി വിഎം ശ്യാംകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ബോട്ട് പുറപ്പെടുന്ന ഓരോ കേന്ദ്രങ്ങളിലും മേല്‍നോട്ടം ഉണ്ടാകണം, യാത്രികരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ആയി സൂക്ഷിക്കണം, അപ്പര്‍ ഡെക്കിലുള്‍പ്പെടെ യാത്രക്കാര്‍ കയറുന്നില്ലെന്ന് ഉറപ്പാക്കണം.