സഹായമെത്തിക്കാൻ ഇടവേള വേണം -യൂറോപ്യൻ യൂനിയൻ
ഗാസ സിറ്റി- മൂന്നാഴ്ച പിന്നിടുന്ന ഇസ്രായിൽ – ഹമാസ് സംഘർഷം ഫലസ്തീൻ ജനതയുടെ ജീവിതം ദുരിതപൂർണമാക്കി. ജീവനും കൊണ്ടോടുകയാണ് ഫലസ്തീൻ കുടുംബങ്ങൾ. ഇസ്രായിൽ സൈന്യം നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്ത് പലായനത്തിന് പുറപ്പെട്ടവരാണ് ഗതികേടിലായത്. ഗാസയുടെ വടക്കും തെക്കും സുരക്ഷിതമല്ലെന്നായപ്പോൾ ഇവർ അഭയം തേടിയത് ഖാൻ യൂനുസിലേയും മറ്റും അഭയാർഥി ക്യാമ്പുകളിലാണ്. ഈ ക്യാമ്പുകളിൽ ആയിരങ്ങളെത്തിച്ചേർന്നപ്പോൾ പകർച്ചവ്യാധി വ്യാപനമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ക്യാമ്പുകളിൽ ആളുകൾ തിങ്ങിപ്പാർക്കുന്നതിനാൽ പകർച്ചവ്യാധികൾ പിടിപെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അഭയാർഥി ക്യാമ്പുകളിലെ ശുചിത്വമില്ലായ്മ രോഗങ്ങൾക്ക് കാരണമാകുന്നു. ഈ സ്‌കൂളുകളിലെ അഭയാർഥികളായ ആളുകൾക്ക് വെള്ളം, വൈദ്യുതി, ഭക്ഷണം, പാൽ, നാപ്കിനുകൾ, സാനിറ്ററി പാഡുകൾ, അണുനാശിനികൾ, മരുന്നുകൾ എന്നിവയൊന്നും ആവശ്യത്തിന് ലഭിക്കുന്നില്ല. ഓരോ ക്ലാസ് മുറികളിലും 50 ൽ അധികം പേർ ഉറങ്ങുന്ന അവസ്ഥയാണ്. സെൻട്രൽ ഗാസ മുനമ്പിലെ യുഎൻആർഡബ്ല്യുഎ സ്‌കൂളിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇതിനകം ഗാസയിൽ ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരം കടന്നു. ഗാസ മുനമ്പിലെ ലക്ഷക്കണക്കിന് ഫലസ്തീനികളുടെ അഭയകേന്ദ്രമാണ് ഇത്തരം സ്‌കൂളുകൾ. യുനൈറ്റഡ് നാഷൻസ് റിലീഫ് ആന്റ് വർക്ക് ഏജൻസിയുടെ കണക്ക് അനുസരിച്ച്. ഗാസയിലെ 1.4 ദശലക്ഷത്തിലധികം ജനങ്ങൾ 150 ഓളം ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം യൂറോപ്യൻ യൂനിയൻ പാസാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസാക്കിയത്. ഗാസയിൽ കനത്ത ബോംബാക്രമണമാണ് ഇസ്രായിൽ നടത്തിയത്.
ഇതിനിടെ സിറിയയിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാഖിന്റെ അതിർത്തിയിലുളള സിറിയൻ പട്ടണമായ അബു കലാമിന് സമീപത്തായി ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു യുഎസ് വ്യോമാക്രമണം നടത്തിയത്.അമേരിക്കൻ സൈനികർക്കെതിരായ ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിറിയയിൽ ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായും അനുബന്ധ ഗ്രൂപ്പുകളുമായും ബന്ധപ്പെട്ട കിഴക്കൻ സിറിയയിലെ രണ്ട് കേന്ദ്രങ്ങളിലാണ് യു.എസ് സൈനികർ വ്യോമാക്രമണം നടത്തിയത്.
2023 October 27Internationaltitle_en: Refugee camps in Gaza under threat of epidemic