ആലുവ:  ദേശീയപാത 47-ലെ കുപ്പിക്കഴുത്താണ് ഗതാഗതത്തിരക്കേറിയ ആലുവ മാർത്താണ്ഡവർമ്മ പാലം. രാജഭരണക്കാലത്ത് പണിതീർത്ത പഴയപാലത്തിലും ജനായത്തഭരണകാലത്തെ പുതിയപാലത്തിലും ഗതാഗതം അഴിയാക്കുരുക്കാകുന്നത് പതിവാണ്. 
അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾ വരെ നിരത്തിലെ നീണ്ട വാഹനനിരയിൽ കുരുങ്ങികിടക്കുന്ന നിസ്സഹായവസ്ഥ ആലുവയിലുണ്ട്. പാലം പുതിയതു പണിതിട്ടും ഉദ്ദേശിച്ച ഫലം കണ്ടില്ല. പെരിയാറിന്റെ മറുകരയെത്താൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ഇവിടെ ഗതാഗതസ്തംഭനം ഉണ്ടായാൽ നഗരത്തിലെ മറ്റിടങ്ങളിലേയ്ക്കും അതു വ്യാപിയ്ക്കുക പതിവാണ്.
ട്രാഫിക് പൊലീസ് സംവിധാനങ്ങൾ എത്ര  കഠിനപരിശ്രമം നടത്തിയാലും പ്രയോജനമുണ്ടാക്കതെ വരുന്ന കാഴ്ച. നഗരം സ്തംഭനത്തിലാകുന്ന വേളകളിൽ പൊലീസിനൊപ്പം തോളോടുതോൾ ചേർന്ന് നിസ്വാർത്ഥ സേവനം നടത്തുന്ന ഒരാളുണ്ട്  ആലുവയിൽ. പട്ടണത്തിലെ ഓട്ടോ ഡ്രൈവർ എച്ച്.ജെ. ഇസ്മയിൽ. ജീവിതമാർഗ്ഗമായ ഓട്ടോ ഓടിയ്ക്കൽ മാറ്റിവച്ച് നിരത്തിൽ പൊലീസിനൊപ്പം നിയന്ത്രണങ്ങൾ ഏറ്റെടുത്ത് സജീവമാകുന്ന ഇസ്മയിൽ പൊലീസുകാർക്കിടയിലും സ്വീകാര്യനാണ്.

അത്രയ്ക്കുണ്ട് ഇസ്മയിലിന്റെ കരുതൽ. യാതൊരു പ്രതിഫലവും ഇച്ഛിയ്ക്കാതെ വെയിലായാലും മഴയായാലും മണിക്കൂറുകളോളം ഗതാഗതം നിയന്ത്രിച്ച് ഇസ്മയിൽ ‘ട്രാഫിക് ഡ്യുട്ടി’യുമായി നിരത്തിലുണ്ടാകും. ഏവർക്കും പൊതുസ്വീകാര്യനായ ഈ ജനസേവകനെ ആദരിയ്ക്കാനൊരുങ്ങുകയാണ് ആലുവ പട്ടണം.
കേരളപ്പിറവി ദിനത്തിൽ രാവിലെ 9.30ന് ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, റിട്ട. ജസ്റ്റിസ് ജെ.ബി. കോശി, ചലച്ചിത്ര നടൻ ബാല തുടങ്ങിയവർ പങ്കെടുക്കും. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed