കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, 2024 വര്‍ഷത്തോടെ ഇലക്ട്രിക് വാഹന അനുബന്ധ ക്ലസ്റ്റര്‍ (ഇ.വി ആന്‍സലെറി ക്ലസ്റ്റര്‍) വികസിപ്പിക്കുന്നതിനായി ഗുജറാത്ത് സര്‍ക്കാരുമായി 2,000 കോടി രൂപയുടെ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും, സംസ്ഥാനത്തിനുള്ളില്‍ ഹരിത മൊബിലിറ്റി വര്‍ധിപ്പിക്കുകയുമെന്ന സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടിന് അനുസൃതമായാണ് ഈ കരാര്‍.
ഇലക്ട്രിക് വാഹന നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിന് നിലവിലുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതാണ് വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ നൂതന സംരംഭമായ ഇ.വി ആന്‍സലെറി.
ഗാന്ധിനഗറില്‍ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് 2024ന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഗുജറാത്ത് ഇന്‍ഡസ്ട്രീസ് ആന്‍ഡ് മൈന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്.ജെ. ഹൈദര്‍, വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ സഞ്ജയ് ഗുപ്‌തെ എന്നിവര്‍ ചേര്‍ന്ന് സുപ്രധാന കരാറില്‍ ഒപ്പുവച്ചു. നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കമ്പനി ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിലായിരുന്നു ചടങ്ങ്.
കരാര്‍ പ്രകാരം, വിവിധ നിര്‍ണായക മേഖലകളിലായി വാര്‍ഡ്‌വിസാര്‍ഡ് 2,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇലക്ട്രിക് 2,3 വീലറുകളുടെ ഗവേഷണവും വികസനവും, വഡോദരയിലെ സൗകര്യങ്ങളില്‍ മോട്ടോര്‍ അസംബ്ലി സ്ഥാപിക്കല്‍, ലിഥിയം-അയണ്‍ സെല്‍ ഉത്പാദനം, അസംസ്‌കൃത വസ്തുക്കളുടെ നിര്‍മാണത്തിനുള്ള അനുബന്ധങ്ങളുടെ വികസനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഈ സംരംഭത്തിലൂടെ സംസ്ഥാനത്തിനകത്ത് 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
ഗുജറാത്ത് സര്‍ക്കാരിന്റെ ഉറച്ച പിന്തുണയ്ക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായി ധാരണാപത്രത്തെ കുറിച്ച് വിശദീകരിച്ച വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ സഞ്ജയ് ഗുപ്‌തെ പറഞ്ഞു. ഇലക്ട്രിക് മൊബിലിറ്റിക്കും മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുന്നതാണ് ഈ ധാരണാ പത്രമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed