ആലപ്പുഴ: ആലപ്പുഴയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. ആലപ്പുഴയിലെ ശങ്കേഴ്സ്, മിഡാസ് എന്നീ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം 2 സ്‌കാനിങ് സെന്ററുകളും പൂട്ടി സീല്‍ ചെയ്തു.
സംഭവത്തില്‍ ലാബുകളുടെ ഭാഗത്താണ് വീഴ്ച എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരമാണ് ഡോക്ടര്‍മാരുടെ തുടര്‍പരിശോധനകള്‍ എങ്കിലും ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നതും ആരോഗ്യവകുപ്പ് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാല്‍ സസ്പെന്‍ഷനോ സ്ഥലം മാറ്റമോ നല്‍കുന്നതിനും ആലോചനയുണ്ട്.
നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍, അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. സംഭവത്തില്‍ തുടര്‍ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കൂടുതല്‍ നടപടികളുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *