ചെന്നൈ: ഫെംഗല്‍ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ചു. പുതുച്ചേരിക്ക് സമീപം കരയിലേക്ക് നീങ്ങുന്നതിനാല്‍ തമിഴ്നാട് അതീവ ജാഗ്രതയിലാണ്. 
കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ നിരവധി ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടച്ചിടാനും പൊതുഗതാഗത സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഐടി കമ്പനികളോട് വര്‍ക്ക് ഫ്രം ഹോം പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകളും കോളേജുകളും നവംബര്‍ 30-ന് അടച്ചിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടു.
ഉച്ചതിരിഞ്ഞ് കരയില്‍ പതിക്കുമെന്ന് പ്രവചിക്കപ്പെടുന്ന ഫെംഗല്‍ ചുഴലിക്കാറ്റ് 90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ഈ പ്രദേശങ്ങളില്‍ പ്രത്യേക ക്ലാസുകളോ പരീക്ഷകളോ നടക്കില്ല. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, നവംബര്‍ 30 ന് ഉച്ചയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് റോഡ് (ഇസിആര്‍), പഴയ മഹാബലിപുരം റോഡ് (ഒഎംആര്‍) എന്നിവയുള്‍പ്പെടെയുള്ള പ്രധാന റോഡുകളിലെ പൊതുഗതാഗത സേവനങ്ങളും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ത്തിവച്ചു.
ചുഴലിക്കാറ്റ് സൃഷ്ടിക്കുന്ന അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനായി തീരപ്രദേശത്തോട് ചേര്‍ന്ന് പോകുന്ന ഈ റൂട്ടുകള്‍ താത്കാലികമായി അടയ്ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *