കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു. കണ്ണൂര്‍ ചെറുപുഴയില്‍ ആണ് സംഭവം. ചെറുപുഴയിലെ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരിയായ സികെ സിന്ധുവിനാണ് കുത്തേറ്റത്. സംഭവത്തിൽ കന്യാകുമാരി സ്വദേശി രാജന് യേശുദാസിനെ പൊലീസ് പിടികൂടി.
സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ആക്രമണത്തിൽ കൈക്കും പുറത്തും പരിക്കേറ്റ യുവതി നിലവിൽ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ആക്രമണം ഉണ്ടായ ഉടനെ യുവതി നിലവിളിച്ചു. നാട്ടുകാര്‍ ഓടിയെത്തിയതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ചെറുപുഴ പൊലീസെത്തി പിന്തുടർന്ന് പിടികൂടുകയായിരുന്നു. പത്തുവര്‍ഷത്തോളമായി കണ്ണൂരിൽ സ്ഥിരതാമസമാക്കിയ പ്രതി ഇടക്ക് കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ജോലിക്കും പോകാറുണ്ടെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിനിരയായ യുവതിയെ സമൂഹ മാദ്ധ്യമം വഴി പരിചയമുണ്ടെന്നാണ് പ്രതി പറയുന്നത്. എന്നാല്‍, പ്രതിയെ അറിയില്ലെന്ന് യുവതി പറഞ്ഞു.