പാലാ: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായ പാലാ കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. 37 വര്‍ഷക്കാലം ബാങ്ക് പ്രസിഡന്‍റായിരുന്ന ജോര്‍ജ് സി കാപ്പനും കുടുംബാംഗങ്ങളും ഡ്രൈവറും വേലക്കാരിയും സുഹൃത് വലയവും ചേര്‍ന്ന് 75 കോടിയോളം രൂപ വായ്പയെന്ന പേരില്‍മാത്രം അടിച്ചുമാറ്റിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കിഴതടിയൂര്‍ ബാങ്കിലെ പ്രധാന കുടിശിഖക്കാരിലൊരാളായ പാലാ എംഎല്‍എ മാണി സി കാപ്പന്‍റെ മൂത്ത സഹോദരനാണ് ബാങ്ക് പ്രസിഡന്‍റ് ജോര്‍ജ് സി കാപ്പന്‍. 37 വര്‍ഷം പ്രസിഡന്‍റായിരുന്ന ജോര്‍ജ് സി കാപ്പന് 17 വര്‍ഷം മുമ്പെടുത്ത വായ്പയില്‍ 5.5 കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. 17 വര്‍ഷംകൊണ്ട് പലിശ മുതലിനോട് ചേര്‍ത്ത് പുതുക്കി വച്ചതല്ലാതെ വായ്പയില്‍ നയാ പൈസ തിരിച്ചടച്ചിട്ടില്ല. സഹോദരന്‍ മാണി സി കാപ്പനും ഭാര്യയും കൂടി എടുത്ത വായ്പ പലിശ കൂടാതെ തന്നെ 50 ലക്ഷം കുടിശിഖയാണ്. അവരുടെ തിരിച്ചടവും സ്വാഹ.

കാപ്പന്‍ കുടുംബത്തിന്‍റെ സുഹൃത്തും ഇവര്‍ക്കൊപ്പം കാലങ്ങളായി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്ന നേതാവുമായ സിബി തോട്ടുപുറത്തിന്‍റെ കുടിശിഖ 15 കോടിയത്രെ. മറ്റൊരു സുഹൃത്ത് ജോബി മാത്യുവിന്‍റെ കുടിശിഖ 10 കോടിയും. വേറൊരു സുഹൃത്ത് അജി ആലപ്പാടിനും 5.5 കോടി കോടി കുടിശിഖയുണ്ട്.
പണം വരുന്നു .. അടിച്ചു മാറ്റുന്നു .. 
വര്‍ഷാ വര്‍ഷം പലിശ മുതലിനോട് ചേര്‍ത്തു വായ്പ പുതുക്കി വയ്ക്കുന്നതല്ലാതെ വായ്പയെടുത്തവരാരും അണാ പൈസ തിരിച്ചടച്ചിട്ടില്ല. ജോര്‍ജ് സി കാപ്പന്‍റെ ഡ്രൈവറായിരുന്ന ആളുടെ പേരില്‍ 25 ലക്ഷവും വീട്ടുവേലക്കാരിയ്ക്കു 5 സെന്‍റ് വഴിയില്ലാത്ത വസ്തുവിന്‍റെ ഈടില്‍ 30 ലക്ഷവും വായ്പ അനുവദിച്ചിട്ടുണ്ട്. 
ആ പണമൊക്കെ ആരാണ് കൈപ്പറ്റിയതെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. തിരിച്ചടക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ല ഇവരാരും വായ്പ എടുത്തിരിക്കുന്നതെന്നതാണ് കൗതുകം. അതിനാലാണ് വര്‍ഷാ വര്‍ഷം പലിശ മുതലിനോട് ചേര്‍ത്ത് വായ്പ പുതുക്കിക്കൊണ്ടിരുന്നത്.
കോട്ടയത്തെ ഏറ്റവും ‘വിലയുള്ള’ വീട് !
ബാങ്ക് പ്രസിഡന്‍റായിരുന്ന ജോര്‍ജ് സി കാപ്പന്‍ മുണ്ടുപാലത്തുള്ള 90 സെന്‍റ് സ്ഥലവും വീടും കാണിച്ച് 17 വര്‍ഷം മുമ്പ് സ്വന്തം ബാങ്കില്‍ നിന്ന് വായ്പ എടുത്തത് 2.72 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ പാടമായിരുന്ന സ്ഥലമാണിത്. 2022 ലാണ് ഇത് പുരയിടമാക്കി വില്ലേജ് രേഖകളില്‍ ഉള്‍പ്പെടുത്തുന്നത്.

 എത്ര കൂട്ടിയാലും അന്നത്തെ വില സെന്‍റിന് 10000 കണക്കാക്കാന്‍ കഴിയാത്ത 90 സെന്‍റ് സ്ഥലത്തിനും വീടിനുമാണ് സ്വന്തം പ്രസിഡന്‍റ്  2.72 കോടി വായ്പ എടുത്തത്. അന്ന് പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍റിന് വാല്വേഷന്‍ കണക്കാക്കിയാല്‍ ഈ വില കിട്ടില്ലായിരുന്നുവെന്നത് മറ്റൊരു കൌതുകം. എന്നു മാത്രമല്ല ഒരു വര്‍ഷം മുമ്പ് ഇത് പുതുക്കിവച്ചപ്പോഴത്തെ ജോര്‍ജ് സി കാപ്പന്‍റെ വീടിന്‍റെ വാല്വേഷന്‍ 5.5 കോടിയത്രെ. വിലയും ആ വീടും ഒന്നിച്ചു കണ്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും. 

‘ ഒരു ബാങ്ക്, ഒരു കുടുംബത്തിന് ‘
ജോര്‍ജ് സി കാപ്പനും മാണി സി കാപ്പനും ഭാര്യയും ഉള്‍പ്പെടെ കാപ്പന്‍ കുടുംബത്തില്‍ നിന്നും 14 പേര്‍ക്കാണ് കിഴതടിയൂര്‍ ബാങ്കില്‍ നിന്നും വായ്പ നല്‍കിയിരിക്കുന്നത്. വായ്പാ തുകയും പലിശയും ചേര്‍ന്ന് 35 കോടിയുടെ മുകളിലാണ് ഈ വഴി മാത്രം കുടിശിഖ ബാക്കി കിടക്കുന്നത്. ജോലിക്കാരുടെയും സുഹൃത്തുക്കളുടെയും പേരിലുള്ളത് വേറെ. ഒരു കുടുംബത്തില്‍ നിന്നുമാത്രം ഇത്രയധികം പേര്‍ക്ക് ഒരു ബാങ്കിലും വായ്പാ കുടിശിഖ ഉണ്ടാകില്ല.
കഴിഞ്ഞ പാലാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കാപ്പന്‍റെ സുഹൃത്തിന്‍റെ പേരില്‍ കീഴതടിയൂര്‍ ബാങ്ക് 1.50 കോടി രൂപ വായ്പ നല്‍കിയതിനും തിരിച്ചടവില്ല. ഇങ്ങനെ കാപ്പന്‍ കോക്കസിന് എന്താവശ്യം വന്നാലും ബാങ്കിലെ സാധാരണക്കാരായ നിക്ഷേപകരുടെ പണം തോന്നുംപടിയാണ് വിനിയോഗം.

അത്തരത്തില്‍ കാപ്പന്‍ കുടുംബവും ജോലിക്കാരും സുഹൃത്തുക്കളും ഡയറക്ടര്‍ ബോര്‍ഡിലെ ബിനാമികളും ചേര്‍ന്ന് 75 കോടിയോളം രൂപയാണ് വായ്പാ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബാങ്കിന്‍റെ ആകെ വായ്പ 190 കോടിയാണ്. അതായത് ആകെ വായ്പയുടെ 40 ശതമാനത്തിലധികവും പ്രസിഡന്‍റും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുമാറ്റിയിരിക്കുന്നുവെന്നാണ് ആരോപണം.

സിനിമ, റിയല്‍ എസ്റ്റേറ്റ്, കള്ളപ്പണം, പിന്നെ കള്ളനോട്ടും 
ബാങ്ക് ഡയറക്ടര്‍മാരില്‍ 3 പേര്‍ സിനിമാ നിര്‍മ്മാണത്തിനായും വായ്പാ തുക ഉപയോഗിച്ചതായി പറയുന്നു. ബാങ്ക് ഭരണസമിതിയില്‍ നിന്നും ജോര്‍ജ് സി കാപ്പന്‍ പുറത്തായതോടെയാണ് ബാങ്കില്‍ നടന്ന വായ്പാ കൊള്ളയുടെ വിശദാംശങ്ങള്‍ പുറത്തേയ്ക്ക് വന്നത്. 
പുതിയ ഭരണസമിതിയുടെ തലപ്പത്തും പഴയ പ്രസിഡന്‍റിനോട് കൂറുള്ള പലരും അവശേഷിക്കുന്നതിനാലാണ് കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ മറഞ്ഞിരിക്കുന്നതെന്ന സൂചനയുമുണ്ട്. പോരാത്തതിന് ഭരണകക്ഷിയുടെ ജില്ലയിലെ പ്രമുഖനുമുണ്ട് ഒരു കോടി കുടിശിഖ. ഭരണകക്ഷിയ്ക്ക് മാത്രമല്ല പ്രതിപക്ഷത്തിന്‍റെ ജില്ലയിലെ പ്രമുഖനും കുടിശിക കോടിയോളമത്രെ. അപ്പോഴാണ് കൂട്ടുകച്ചവടത്തിന്റെ ആഴങ്ങള്‍ വെളിച്ചത്തുവരുന്നത്.

 ബാങ്കിന്‍റെ മറവില്‍ സിനിമാ നിര്‍മ്മാണത്തിനപ്പുറം കോടികള്‍ അടിച്ചു മാറ്റി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ എന്നിവ നടന്നതായാണ് ആരോപണങ്ങള്‍ ഉയരുന്നത്. മാത്രമല്ല, ബാങ്കില്‍ നിന്നും പലതവണ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവങ്ങളും ഒതുക്കി വച്ചിരിക്കുകയാണ്.

ഭരണകക്ഷിയിലെ പല മുന്‍ പ്രമുഖരും വായ്പാ ഇടപാടുകളില്‍ കാപ്പന്മാര്‍ക്കൊപ്പം പങ്കാളികളായിരുന്നതിനാലാണ് ബാങ്കിനെതിരെ അന്വേഷണം നടക്കാത്തതെന്ന ആക്ഷേപം ശക്തമാണ്. ഇതിനെതിരെ പാലായില്‍ വന്‍ ജനവികാരം ഉയരുന്നുണ്ട്. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്‍പ് ബാങ്ക് അഴിമതിയുടെ കാര്യത്തില്‍ സര്ക്കാര്‍ നടപടി ഉണ്ടായില്ലെങ്കില്‍ അത് ഇടതുപക്ഷത്തിന്‍റെ സാധ്യതകളെ ബാധിക്കും. മാത്രമല്ല കേന്ദ്ര ഏജന്‍സികള്‍ കാര്യങ്ങള്‍ അന്വേഷിച്ചും വരുന്നുണ്ട്. 
40 ലക്ഷം നിക്ഷേപിച്ചവന് രണ്ടാഴ്ച കൂടുമ്പോള്‍ നക്കാപ്പിച്ച 
ഇരുപതും മുപ്പതും ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചവര്‍ പണം തിരിച്ചു ചോദിക്കുമ്പോള്‍ നല്‍കുന്നത് രണ്ടാഴ്ച കൂടുമ്പോള്‍ അയ്യായിരം രൂപ മാത്രമാണ്. പാവപ്പെട്ട നിക്ഷേപകര്‍ വീട് നിര്‍മ്മാണത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി പണം തിരികെ ചോദിക്കുമ്പോഴത്തെ സ്ഥിതിയാണിത്. 

എന്നാല്‍ കോടികള്‍ അടിച്ചുമാറ്റിയ മുന്‍ പ്രസിഡന്‍റും എംഎല്‍എയും കൂട്ടുകാരും യാതൊരു കൂസലുമില്ലാതെ ‘ നന്‍മമരങ്ങളായി’ വിലസുകയും ചെയ്യുന്നു. ഇവര്‍ ഈടായി നല്‍കിയിട്ടുള്ള ഭൂമികള്‍ ജപ്തി ചെയ്താലും ഇവരുടെ വായ്പയുടെ 10 -ല്‍ ഒന്നുപോലും ആകില്ലെന്നതാണ് ഇവരുടെ ഉറപ്പ്. മുന്‍ പ്രസിഡന്‍റിന്‍റെ വീട് ജപ്തി ചെയ്താലും കിട്ടുക കുടിശിഖയുടെ നാലിലൊന്ന് മാത്രം.

അപ്പോള്‍ പിന്നെ ഇവരെന്തിന് പേടിക്കണം എന്നതാണ് സ്ഥിതി. ഭയക്കേണ്ടതും നഷ്ടപ്പെട്ടതും നാട്ടിലെ നന്മമരങ്ങളായി വിലസിയ ഈ കൊള്ളക്കാരെ വിശ്വസിച്ചു കോടികള്‍ നിക്ഷേപിച്ച പാവം പാലാക്കാര്‍ക്കാണ്.
മുകളില്‍ പറഞ്ഞിട്ടുള്ളത് വായ്പയായി അടിച്ചുമാറ്റിയ തുകയുടെ കാര്യം മാത്രമാണ്. ബാങ്കിന്‍റെ പേരില്‍ വാസ്തു വാങ്ങുന്നതിലും നിര്‍മ്മാണത്തിലും പുതിയ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങുന്നതിലും ബ്രാഞ്ചുകള്‍ തുടങ്ങുന്നതിലും പിന്നെ നന്മ ഫണ്ടിലും നടന്നിട്ടുള്ളത് ഇതിലും വലിയ അഴിമതികളാണ്. അവയുടെ വിശദാംശങ്ങള്‍ പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളൂ.

By admin

Leave a Reply

Your email address will not be published. Required fields are marked *