തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ ക്രൂരമായ അധിക്ഷേപത്തെ തുടർന്ന് കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കേസ് പോലീസ് അട്ടിമറിച്ചതോടെ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയിലെത്തിയത് സർക്കാരിന് തിരിച്ചടിയാണ്.
ഏത് കേസിലും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയെ സർക്കാർ കോടതിയിൽ എതിർക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
നവീൻ ബാബുവിന്റെ കുടുംബത്തിന് മന്ത്രിമാരടക്കം നേരിട്ടെത്തി പൂർണ പിന്തുണ അറിയിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കപ്പെട്ടതോടെ, നീതി തേടിയാണ് ആ കുടുംബം കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.  

ആത്മഹത്യാക്കുറിപ്പുണ്ടോയെന്നതിൽ വ്യക്തതയില്ലാത്തതും കുടുംബം എത്തുംമുൻപേ ഇൻക്വസ്റ്റും പോസ്റ്റുമാർട്ടവും നടത്തിയതും മൊബൈൽ വിവരങ്ങൾ ഒളിപ്പിക്കുന്നതുമെല്ലാം കുടുംബം കോടതിയിൽ ചൂണ്ടിക്കാട്ടും.

ഒക്‌ടോബർ 14ന് വൈകിട്ട് നാലിന് നടന്ന യാത്രഅയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെയെത്തിയ സി.പി.എം നേതാവ് പി.പി. ദിവ്യയുടെ ആരോപമാണ് നവീൻ ബാബുവിന്റെ ജീവനൊടുക്കലിന് കാരണമായത്. ഒന്നര മാസം കഴിഞ്ഞിട്ടും സംഭവത്തിന്റെ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല.

പെട്രോൾ പമ്പിന് അനുമതി നൽകാൻ ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. പെട്രോൾ പമ്പ് അനുവദിക്കുന്നത് കേന്ദ്രസർക്കാരായതിനാൽ സി.ബി.ഐ അന്വേഷണത്തിന് കഴിയും. അതിനാൽ സി.ബി.ഐ അന്വേഷണത്തെ കേന്ദ്രസർക്കാർ എതിർക്കാനിടയില്ല. 

ഒന്നരമാസം പോലീസ് അന്വേഷിച്ചിട്ടും നവീൻ ബാബുവിന്റെ മരണത്തിനു പിന്നിലെ വസ്തുതകൾ പുറത്തുവന്നിട്ടില്ല. ദിവ്യയ്ക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ജയിലിലിട്ടതൊഴിച്ചാൽ ഒരു നടപടിയുമുണ്ടായിട്ടില്ല.

പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ല പോകുന്നത് എന്ന് വെളിവാകുന്നതാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ. അന്വേഷണത്തിനെതിരെ കടുത്ത വിമർശനമുണ്ടായപ്പോൾ കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിച്ചെങ്കിലും ദുരൂഹത മാറിയില്ല.
കൈക്കൂലിപ്പരാതി വ്യാജമായി നൽകിയ പ്രശാന്തന്റേയോ ആരോപണ വിധേയനായ ജില്ലാ കളക്ടറുടെയോ മൊബൈൽ വിളികൾ പോലും പരിശോധിച്ചില്ലെന്ന് ആരോപണമുയരുന്നു.

തനിക്ക് ഏറ്റവും വിശ്വാസമുള്ള ഓഫീസറായിരുന്നുവെന്നാണ് കളക്ടർ ആദ്യ മൊഴിയിൽ പറയുന്നത്. പിന്നീട് ചേംബറിലെത്തി തനിക്ക് തെറ്റുപറ്റിപ്പോയെന്ന് നവീൻ പറഞ്ഞതായി കളക്ടർ മൊഴിമാറ്റി. കളക്ടറുടെ മൊഴിയിൽ ഗൂഢാലോചനയുണ്ടെന്നും കളക്ടർ ആരെയോ ഭയപ്പെടുന്നുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

പെട്രോൾ പമ്പിലെ ബിനാമി അന്വേഷണം ദിവ്യയിലേക്കും മറ്റ് ഉന്നതരിലേക്കും എത്താതിരിക്കാനുള്ള കള്ളക്കളിയാണ് പോലീസ് നടത്തുന്നത്. വിജിലൻസിലെ ഒരു സി.ഐയ്ക്കും ബിനാമി ഇടപാടുകളിൽ പങ്കാളിത്തമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രൊജക്ടുകളുടെ കരാർ ലഭിച്ച, ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണമുയർന്ന സ്റ്റാർട്ടപ്പ് സ്ഥാപനത്തിൽ സി.ഐയുടെ സഹോദരന് പങ്കാളിത്തമുണ്ടെന്നാണ് ആക്ഷേപം.

യാത്രഅയപ്പിനു ശേഷം ആരെയാക്കെ നവീൻ ആരെയൊക്കെ കണ്ടെന്നും വിളിച്ചെന്നും ഇതുവരെ വ്യക്തമല്ല. മുനീശ്വരൻ കോവിലിന് മുന്നിൽ ഇറങ്ങിയ നവീൻ എങ്ങോട്ടുപോയി ? പുലർച്ചെവരെ എന്തുചെയ്തു ? ഓട്ടോറിക്ഷയിൽ ക്വാർട്ടേഴ്സിലെത്തിയതായി പോലീസ് പറയുന്ന ഓട്ടോറിക്ഷ ഏതാണ് ? കോടികൾ ചെലവുള്ള പെട്രോൾ പമ്പ് നടത്താൻ പ്രശാന്തന് സാധിക്കുമോ ?

പരാതിയിലെ പേരും ഒപ്പുമെല്ലാം പ്രശാന്തിന്റെ ഔദ്യോഗിക രേഖകളിൽ നിന്ന് വ്യത്യസ്തം. എന്നിട്ടും വ്യാജ പരാതി തയ്യാറാക്കിയ ആളെ കണ്ടെത്താത്തത് എന്തുകൊണ്ട് ? മുഖ്യമന്ത്രിയുടെ ഓഫീസിലോ വിജിലൻസിലോ ലഭിക്കാത്ത പരാതിയിൽ വിജിലൻസ് എങ്ങനെ 14ന് പ്രശാന്തിന്റെ മൊഴിയെടുത്തു, എ.ഡി.എമ്മിനെ സംശയനിഴലിലാക്കുന്ന മൊഴി മുദ്രവച്ച കവറിൽ സ്റ്റേറ്റ്‌മെന്റായി നൽകാൻ കളക്ടറെ പ്രേരിപ്പിച്ചതെന്ത് – തുടങ്ങി ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.

അതേസമയം, എ.ഡി.എമ്മിനെ അഴിമതിക്കാരനാക്കാൻ പ്രതിഭാഗം കുത്സിത നീക്കങ്ങളുമായി രംഗത്തുണ്ട്. ദിവ്യ ഉയർത്തിയ അഴിമതി ആരോപണത്തിൽ കോടതിയിൽ എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയെന്ന് പ്രതിഭാഗം പറഞ്ഞിരുന്നു.

പി പി ദിവ്യ ഉയർത്തിയ കൈക്കൂലി ആരോപണം കേവലം ആരോപണം മാത്രമല്ലെന്നും അതിനെ ഉറപ്പിക്കുന്ന തെളിവുകൾ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത്. 

ഇതുമായി ബന്ധപ്പെട്ട കോൾ ഡീറ്റെയിൽസ്, ബാങ്ക് ഡീറ്റെയിൽസ്, സി സി ടിവി ദൃശ്യങ്ങൾ എന്നിവ ഹാജരാക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ പറയുന്നു. കൈക്കൂലി ആരോപണം സാധൂകരിക്കുന്ന മൊഴികളുമുണ്ട്. എന്നാൽ കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ  പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *